
വാഷിങ്ടണ്‍: ഉത്തരകൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. ഉത്തരകൊറിയയുടെ അതിര്‍ത്തിക്കു സമീപം രണ്ട് ബോംബര്‍ വിമാനങ്ങള്‍ പറത്തിയായിരുന്നു താക്കീത്.
ദക്ഷിണ കൊറിയ, ജപ്പാന് എന്നിവരുമായി ചേര്‍ന്നായിരുന്നു അമേരിക്കയുടെ സൈനികാഭ്യാസം. യു.എസ് വ്യോമസേനയുടെ ബി1ബി വിഭാഗത്തില്‍ പെടുന്ന ബോംബറുകള്‍ക്കൊപ്പം ദക്ഷിണ കൊറിയയുടെ എഫ് 15 കെ പോര്‍വിമാനങ്ങളും ഈ പ്രകടനത്തിന്റെ ഭാഗമായി.
നിരന്തരം പ്രകോപനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കവേ ഉത്തര കൊറിയക്കെതിരെ യു.എസിലെ ഗുവാം ദ്വീപിലെ ആന്റേഴ്സണ് വ്യോമസേനാ താവളത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി ബോംബറുകള്‍ പറന്നുയര്‍ന്നത്.
ഉത്തര കൊറിയക്ക് താക്കീതായി കഴിഞ്ഞ സെപ്തംബര്‍ അവസാനവാരത്തിലും അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ജപ്പാന്, ദക്ഷിണ കൊറിയന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്ത പ്രകടനം ഇതു ആദ്യമായാണ്. അന്ന് ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തോടു ചേര്‍ന്നുള്ള രാജ്യാന്തര വ്യോമമേഖലയിലൂടെയാണ് ഇവ പറത്തിയിരുന്നത്. ട്രംപ് യു.എന്‍ പൊതുസഭയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ ഉത്തരകൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.