
ന്യൂയോര്‍ക്ക്: യു.എന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് ആണവമിസൈല്‍, മറ്റു പദ്ധതികള്‍ ഉത്തരകൊറിയ തുടരുന്നുണ്ടെന്ന് യു.എന്‍ സുരക്ഷാകൗണ്‍സില്‍ റിപ്പോര്‍ട്ട്. കപ്പലില്‍ നിന്ന് കപ്പലിലേക്ക് അനധികൃതമായി എണ്ണ ഉല്പന്നങ്ങള് നീക്കം ചെയ്യുന്നത് വന്‍തോതില്‍ കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയ വിദേശത്തേക്ക് ആയുധങ്ങള്‍ വില്ക്കാന് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വെള്ളിയാഴ്ച യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്വതന്ത്രരായ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഉത്തരകൊറിയ മുന്‍പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന പരാമര്‍ശം. റിപ്പോര്ട്ടിന്മേല് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ചെയര്മാന് കിം ജോങ് ഉന്നും നടത്തിയ ചരിത്ര കൂടിക്കാഴ്ചയില്‍ എത്തിയ ധാരണയ്ക്കൊത്ത് നീങ്ങുന്നില്ലെന്ന് നേരത്തെ യു.എസ് പരാതിപ്പെട്ടിരുന്നു. പുതിയ ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ നിര്‍മിക്കുന്നുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
ആണവനിരായുധീകരണത്തിന് ഇരുരാജ്യങ്ങളും ഒന്നിച്ചുനീങ്ങുമെന്ന് ഇരുവരും തമ്മില്‍ ജൂണില്‍ സിങ്കപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയിരുന്നു.
ഉത്തരകൊറിയക്കെതിരെ യു.എന്‍ നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാനാണ് വിദഗ്ധ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.