
റിയാദ്: നോർക്ക പ്രഖ്യാപിക്കുന്ന അടിയന്തര സാമ്പത്തിക സഹായങ്ങൾക്കും മറ്റു ആനുകൂല്യങ്ങൾക്കും നോർക്ക രജിസ്ട്രേഷൻ നിർബന്ധമില്ലെന്നും, നോർക്ക നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പ്രവാസികൾ അപേക്ഷ സമർപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും നോർക്ക കൊച്ചി റീജ്യണൽ മാനേജർ കെ.ആർ രജീഷ് പറഞ്ഞു. ഫോക്കസ് ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ‘നോർക്ക: ആനുകൂല്യങ്ങളും അവകാശങ്ങളും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർക്ക നൽകുന്ന സേവനങ്ങൾക്ക് പ്രവാസികളിൽ നിന്ന് പൊതുവെ അപേക്ഷകൾ കുറവായാണ് കാണാറുള്ളതെന്നും കൂടുതൽ പേർ അപേക്ഷ സമർപ്പിക്കുന്നതിൽ ഗൗരവമായി കാണണമെന്നും നോർക്ക നൽകുന്ന സേവനങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുന്നതിൽ എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നോർക്ക പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾക്കു വിതരണം ചെയതെന്നും, നോർക്കയുടെ എല്ലാ സേവനങ്ങളെ കുറിച്ചും പ്രവാസികൾ തീർച്ചയായും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നോർക്കയിൽ രജിസ്റ്റർ ചെയ്ത് ഐ.ഡി കാർഡ് കരസ്ഥമാക്കാനും, നോർക്കയുടെ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന സംശയ നിവാരണ സെഷനിൽ പ്രേക്ഷകരുടെ സംശയങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി. സൂം ആപ്ലിക്കേഷൻ വഴി നടന്ന സെമിനാർ ഷമീം വെള്ളാടത്ത് നിയന്ത്രിച്ചു. സലീം ചളവറ സ്വാഗതവും ജൈസൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.