
ദമാം: നോർക്ക – ലോക കേരളസഭയുടെ നേതൃത്വത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരുക്കിയ ചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. നോർക്ക-കേരള സഭയുടെ കീഴിൽ പുറപ്പെടുന്ന പതിനാലാമത്തെ വിമാനമാണിത്. 179 യാത്രക്കാരുമായി കിഴക്കൻ സഊദിയിലെ ദമാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. അഞ്ചു കൈകുഞ്ഞുങ്ങളും, ഇരുപത് കുട്ടികളും, 154 മുതിർന്നവരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ലോകകേരളസഭ അംഗങ്ങളും, വോളന്റീർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.
ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വരെ ഒരുക്കി, സഊദിയിലെ തന്നെ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കിലാണ് വിമാനങ്ങൾ ഒരുക്കുന്നത്. കിഴക്കൻ പ്രവിശ്യയിലെ പാവപ്പെട്ട പ്രവാസികൾക്ക് വലിയൊരു ആശ്വാസമാണ് നൽകിയത്. ഒക്ടോബർ 22 ന് ദമാമിൽ നിന്നും കൊച്ചിയിലേക്കാണ് അടുത്ത ലോകകേരളസഭ ചാർട്ടേർഡ് വിമാനം ചാർട്ട് ചെയ്തിരിയ്ക്കുന്നതെന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.