2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

നോർക്ക ഹെൽപ്പ്ഡെസ്ക്ക് കിഴക്കൻ പ്രവിശ്യയിലെ പ്രവർത്തനങ്ങൾ ഔപചാരികമായി അവസാനിച്ചു

       ദമാം: കൊറോണ രോഗബാധയെത്തുടർന്നു ദുരിതത്തിലായ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളെ സഹായിക്കാനായി കഴിഞ്ഞ അഞ്ചു മാസമായി പ്രവർത്തിച്ചു വരുന്ന നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ ഔപചാരികമായി അവസാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ എല്ലാ പ്രവാസിസംഘടനകളും, സാമൂഹ്യപ്രവർത്തകരും ഭാഗമായ നോർക്കഹെൽപ്പ് ഡെസ്ക്ക് വളരെ മാതൃകാപരമായാണ് കഴിഞ്ഞ അഞ്ചുമാസവും പ്രവർത്തനങ്ങൾ നടത്തിയത്. കൊവിഡ് കാരണം ജോലിയും വരുമാനവും ഇല്ലാത്ത പ്രവാസികൾക്കായി ദമാം, കോബാർ, അബ്കേക്ക്, ജുബൈൽ, അൽഹസ്സ എന്നീ പ്രദേശങ്ങളിലായി 40 ടണ്ണിലധികം ഭക്ഷണസാധന കിറ്റുകളാണ് ഹെൽപ്പ്ഡെസ്ക്ക് വിതരണം ചെയ്തത്. കൊറോണ ബാധിച്ചു കൊറന്റൈനിൽ കഴിഞ്ഞ പ്രവാസികൾക്കായി മൂവായിരത്തിലധികം പാചകം ചെയ്ത ഭക്ഷണപ്പൊതികളും ഹെൽപ്പ്ഡെസ്ക്ക് വഴി വിതരണം ചെയ്തു. നാലായിരത്തിഅഞ്ഞൂറോളം പ്രവാസികൾക്ക് ഇത്തരത്തിലുള്ള സേവനം പ്രയോജനപ്പെടുകയുണ്ടായി.

     വന്ദേഭാരത് മിഷൻ വിമാനസർവ്വീസുകളുടെ അപര്യാപ്തതയും, ചാർട്ടേർഡ് വിമാനങ്ങൾ ചുമത്തിയ അമിത ടിക്കറ്റ് നിരക്കും പ്രവാസികൾക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിന് തടസ്സമായപ്പോൾ നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് തന്നെ നേരിട്ട് വളരെ കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാനസർവീസ്  ഏർപ്പെടുത്തി. ഇതുവരെ ഏഴു വിമാനങ്ങളാണ് നോർക്ക ഹെൽപ്പ് ഡെസ്ക്ക് ചാർട്ടർ ചെയ്തു സർവ്വീസ് നടത്തിയത്. വളരെ പ്രൊഫെഷണൽ ആയ രീതിയിൽ, ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വരെ ഒരുക്കി, സഊദി അറേബ്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ചാർട്ടേർഡ് വിമാന ടിക്കറ്റ് നിരക്കിൽ നടത്തിയ സർവ്വീസുകൾ പാവപ്പെട്ട പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറിയിരുന്നു. നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ മെഡിക്കൽ വിഭാഗം രോഗികളായ ഇരുനൂറ്റിഅമ്പതോളം പേർക്ക് മരുന്നുകൾ എത്തിക്കുകയും നാനൂറ്റി അൻപതോളംപേർക്ക് വിദഗ്ദഡോക്റ്റർമാരുടെ ഓൺലൈൻ സേവനം എത്തിച്ചു കൊടുക്കുകയും ചെയ്തു. വിദഗ്ദപരിശീലനം നേടിയ പന്ത്രണ്ടു കൗൺസിലർമാർ അടങ്ങിയ നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് കൗൺസലിംഗ് ടീം കൊവിഡ്ബാധിതരായ 205 പേർക്ക് കൗൺസലിങ് നൽകി. പ്രവാസികൾ നേരിട്ട വിവിധ വിഷയങ്ങൾ ഉന്നയിച്ചു ഇന്ത്യൻ പ്രധാനമന്ത്രി, സഊദി ഇന്ത്യൻ എംബസ്സി, ഇന്ത്യൻ വിദേശകാര്യവകുപ്പ്, വ്യോമയാനവകുപ്പ്, കേരളമുഖ്യമന്ത്രി, എയർ ഇന്ത്യ ഡയറക്ടർ എന്നിവർക്ക് അടക്കം പതിനാലോളം നിവേദനങ്ങലും  നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് സമർപ്പിച്ചിട്ടുണ്ട്. 

     ഓണലൈൻ സമാപന സമ്മേളനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ ഉത്‌ഘാടനം ചെയ്തു. ലോകത്തെ മറ്റേതു രാജ്യത്തും നടന്ന നോർക്ക ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തനങ്ങളെക്കാൾ മികച്ച രീതിയിൽ ഒത്തൊരുമയോടെ പ്രവർത്തങ്ങൾ കാഴ്ച വച്ച സഊദി അറേബ്യ കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ് ഡെസ്ക്കിനെ അദ്ദേഹം അഭിനന്ദിച്ചു.

    ലോകകേരളസഭാഗം പവനൻ മൂലക്കീൽ അധ്യക്ഷനായ സമ്മേളനത്തിൽ നോർക്ക ഹെൽപ്പ്ഡെസ്ക്ക് കൺവീനർ ആൽബിൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധിബോർഡ് ഡയറക്റ്റർ ജോർജ്ജ് വർഗ്ഗീസ്, നോർക്ക ഹെൽപ്പ് ഡെസ്ക്ക് കോർ കമ്മിറ്റി മെമ്പർമാരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, ഹെൽപ്പ്ഡെസ്‌ക്ക് അൽഹസ്സ ചെയർമാൻ നാസർ മദനി, ലോകകേരളസഭഅംഗം നാസ് വക്കം എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. ലോകകേരളസഭാഗം എം.എ.വാഹിദ് കാര്യറ സ്വാഗതവും, നോർക്കഹെൽപ്പ്‌ഡെസ്‌ക്ക് ജുബൈൽ കൺവീനർ ജയൻ തച്ചൻപ്പാറ നന്ദിയും പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.