
തിരുവനന്തപുരം: ലോകോളേജില്‍ എസ്.എഫ്.ഐക്കാരല്ലാത്തവര്ക്ക് ജീവന് പണയംവെച്ചുവേണം പഠിക്കാനെന്ന് ലോ കോളജിലെ കെ.എസ്.യു പ്രസിഡന്റ് സഫ്ന. എസ്.എഫ്.ഐക്കാര്‍ക്ക് മറ്റുള്ളവരോട് അസഹിഷ്ണുതയാണ്. കോളജില്‍ പഠിക്കുന്നത് ജീവന് ആപത്താണെന്നും സഫ്ന ആരോപിച്ചു.
പരാതി കൊടുത്താലും രക്ഷയില്ല. സ്റ്റാഫ് കൗണ്‍സില്‍ എസ്.എഫ്.ഐയുടെ ഭാഗത്തേ നില്ക്കൂ. പരാതിയില്‍ പൊലിസും യാതൊരു നടപടിയും എടുത്തില്ല. ആദ്യം കോളജിനുള്ളിലായിരുന്നു മര്‍ദനം. പിന്നീട് പുറത്ത് ഗേറ്റിനു മുന്നിലും അടി നടന്നു’ -സഫ്ന പറഞ്ഞു.
എതിരാളികളെ പ്രവര്‍ത്തിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കുന്നില്ല. നേരത്തെ തന്റെ നേരെ പെയിന്റ് കോരി ഒഴിച്ചിട്ടുണ്ട്. കെ.എസ്.യു അനുഭാവികള്‍ക്ക് കോളജില്‍ നിരന്തരം പീഡനമേല്‍ക്കേണ്ടി വരുന്നുണ്ടെന്നും സഫ്ന കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങളെ വലിച്ചിഴച്ച് വളഞ്ഞിട്ടാണ് മര്‍ദിച്ചത്. അവര്‍ പത്തമ്പതുപേരുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സഫ്ന ഉള്‍പ്പെടെയുള്ളവരെ നിലത്തു തള്ളിയിട്ട് മര്‍ദിച്ചത്. സംഘര്‍ഷത്തില്‍ സഫ്നയ്ക്കു പുറമേ ജനറല്‍ സെക്രട്ടറി ആഷിക്ക് അഷറഫ്, നിതിന്‍ തമ്പി, എസ്.എഫ്.ഐ പ്രവര്ത്തകന് അനന്ദു എന്നിവര്‍ക്കു പരുക്കേറ്റിരുന്നു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
‘കെ.എസ്.യു പ്രവര്ത്തകന് ആഷിഖിനെയാണ് ആദ്യം അവര്‍ ആക്രമിച്ചത്. തടയാന്‍ ചെന്ന തന്നെ താഴേക്കു തള്ളിയിട്ട് വലിച്ചിഴച്ചു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നിരവധി പേര് ഇടിച്ചു. നേരത്തെയും കോളജില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.
അതേസമയം, എസ്.എഫ്.ഐയുടെ അക്രമത്തിനെതിരെ കെ.എസ്.യു നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ജലപീരങ്കിയടക്കം പ്രയോഗിച്ചാണ് പൊലിസ് മാര്‍ച്ചിനെ നേരിട്ടത്.