2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ആനി എർനു ഓർമയുടെ വേരുകളിലേക്കുള്ള യാത്ര

ഡോ. ബി. ഇഫ്തിഖാർ അഹമ്മദ്

ആനി എർനുവിലൂടെ സാഹിത്യ നോബേൽ പതിനാറാമത് തവണ ഫ്രാൻസിലേക്ക് വീണ്ടും വിരുന്നുവരുമ്പോൾ, യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന പാരീസിലെ സാഹിത്യാസ്വാദകരോടൊപ്പം ആഗോള വായനാ സമൂഹവും സന്തോഷത്തിലാണ്. കാരണം ആനി എർനു എഴുതിയത് മുഴുവൻ സാധാരണ മനുഷ്യരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ്. പ്രസ്തുത അനുഭവങ്ങൾ നമ്മുടെ ഏവരുടെയും ഉപബോധ മനസ്സുകളിലേക്ക് മായാതെ അലിഞ്ഞുചേർന്ന് ഓർമകളുടെ ചായക്കൂട്ടുകളിൽ ചേർത്ത റിയലിസ്റ്റിക് ക്യാൻവാസുകൾ തീർക്കുന്ന അനുഭൂതികളാണ്.
സ്വന്തം ഓർമകളെ അവിശ്വസിക്കുന്ന ഓർമക്കുറിപ്പുകാരി എന്നാണ് എർനു വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അവരുടെ എഴുത്തിനെ വേറിട്ടതും പ്രസക്തവുമാക്കുന്നത്. പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നോബേൽ കമ്മിറ്റി വിലയിരുത്തുന്നതുതന്നെ ‘വ്യക്തിപരമായ ഓർമയുടെ വേരുകൾ, അകൽച്ചകൾ, കൂട്ടായ നിയന്ത്രണങ്ങൾ എന്നിവ വെളിപ്പെടുത്തുന്ന അവരുടെ ധൈര്യത്തിനും ക്ലിനിക്കൽ മൂർച്ചയ്ക്കുമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ്.
1940ൽ ജനിച്ച എർനു, നോർമാണ്ടിയിലെ യെവെറ്റോട്ട് എന്ന ചെറുപട്ടണത്തിലാണ് വളർന്നത്. റൂവൻ സർവകലാശാലയിൽ ഉന്നത പഠനം പൂർത്തിയാക്കി. പിന്നീട് സെക്കൻഡറി സ്‌കൂളിൽ പഠിപ്പിച്ചു. 1977 മുതൽ 2000 വരെ അവർ ‘സെന്റർ നാഷനൽ ഡി എൻസൈൻമെന്റ് പാർ കറസ്‌പോണ്ടൻസി’ൽ പ്രൊഫസറായിരുന്നു. അധ്യാപനത്തിനിടയിൽ, രചനകളിലേക്കുള്ള എർനുവിന്റെ പാത ദീർഘവും പ്രയാസകരവുമാണെന്ന് ആത്മകഥാംശങ്ങൾ കൊണ്ട് നിറഞ്ഞ അവരുടെ കൃതികളിലൂടെ കണ്ണോടിച്ച് നോക്കിയാൽ മനസ്സിലാകും.
നൊബേൽ കമ്മിറ്റിയുടെ അധ്യക്ഷയായ ആൻഡേഴ്‌സ് ഓൾസൺ ‘എർനു തന്റെ കൃതികളിൽ സ്ഥിരതയോടെയും വ്യത്യസ്ത കോണുകളിൽ നിന്നും ലിംഗഭേദം, ഭാഷ, ക്ലാസ് എന്നിവയുമായി ബന്ധപ്പെട്ട ശക്തമായ അസമത്വങ്ങളാൽ അടയാളപ്പെടുത്തിയ ഒരു ജീവിതത്തെ പരിശോധിക്കുന്നു’ എന്ന് നിരീക്ഷിക്കുന്നുണ്ട്.

തന്റെ മാതാപിതാക്കളുടെ സാമൂഹിക പുരോഗതി (ലാ പ്ലേസ്, ലാ ഹോണ്ടെ), സ്വന്തം കൗമാരപ്രായം, വിവാഹം, ഒരു കിഴക്കൻ യൂറോപ്യൻ മനുഷ്യനുമായുള്ള അവരുടെ വികാരാധീനമായ ബന്ധം (പാഷൻ സിമ്പിൾ) എന്നിവ എർനു ചാരുതയാർന്ന വരികളിലൂടെ വായനക്കാർക്ക് സമ്മാനിക്കുന്നു. ഗർഭച്ഛിദ്രം, അൾഷിമേഴ്‌സ് രോഗം, അമ്മയുടെ മരണം, സ്തനാർബുദം എന്നീ അനുഭവങ്ങളുടെ പെൺ വ്യാഖ്യാനങ്ങൾ ‘ലൈഫ് റൈറ്റിങ്’ എന്ന ഴാനറിലൂടെ എത്ര മനോഹരമായാണ് അവർ അടയാളപ്പെടുത്തുന്നത്!
എർനുവിന്റെ ആദ്യ കൃതി 1974ൽ ഫ്രഞ്ചിൽ പ്രസിദ്ധീകരിച്ച ‘ലെ ആർമോയേഴ്‌സ് വൈഡ്‌സ്’ ആയിരുന്നു- 1990ൽ ഇംഗ്ലീഷിൽ ‘ക്ലീൻഡ് ഔട്ട്’ എന്ന തലക്കെട്ടിൽ അത് മൊഴിമാറ്റം ചെയ്യപ്പെട്ടു. നാലാമത്തെ ഗ്രന്ഥമായി പുറത്തിറങ്ങിയ ‘ലാ പ്ലേസ്’ അല്ലെങ്കിൽ ‘എ മാൻസ് പ്ലേസ്’ലൂടെയാണ് എർനു ആഗോള സാഹിത്യ ലോകത്ത് സ്വന്തം സാന്നിധ്യം അടയാളപ്പെടുത്തുന്നത്. ‘പൊയ്‌പ്പോയ കാലം തേടി’ എന്ന ക്ലാസിക്ക് ലോകത്തിന് സമ്മാനിച്ച ഫ്രഞ്ച് എഴുത്തുകാരൻ മാഴ്‌സൽ പ്രൂസ്റ്റിന്റെ സ്വാധീനം അവരുടെ ഓർമകൾ പ്രമേയമായി വരുന്ന രചനകളിൽ തെളിഞ്ഞുകാണാം.
തൊഴിലാളിവർഗ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു സാധാരണ പെൺകുട്ടിയായിരുന്നു എർനു. ക്രമേണ അവരുടെ മാതാപിതാക്കൾ സ്വന്തമായി കഫറ്റേരിയ ഒക്കെ സ്വന്തമാക്കിയതുകൊണ്ടാണ് ആധുനിക സാഹിത്യത്തിൽ ഉന്നത പഠനം നടത്താൻ അവർക്ക് അവസരം ലഭിച്ചത്. ചരിത്രപരവും വ്യക്തിഗതവുമായ അനുഭവങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ആത്മകഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കരിയറിന്റെ തുടക്കത്തിൽ തന്നെ അവർ ഫിക്ഷനിൽ നിന്ന് പിന്മാറി. ഫ്രാൻസിൽ മാത്രമല്ല, ലോകമൊട്ടുക്കും അവർക്കിന്ന് വായനക്കാരുണ്ട്. അക്കാദമിക് പരിസരങ്ങളിൽ അതിശക്തമായ സാന്നിധ്യമാണ് എർമുവിനുള്ളത്.

1988ൽ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ച ‘ഒരു പുരുഷന്റെ സ്ഥലവും ഒരു സ്ത്രീയുടെ കഥയും’ ഫ്രാൻസിലെ മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി വായിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്തു. മറ്റു പ്രധാന കൃതികൾ: ലെവൻമെന്റ് (‘ഹാപ്പനിങ്’, 2000), എൽ ഒക്യുപേഷൻ (‘ദ പൊസഷൻ’, 2002), ലെ ആനീസ് (‘ദി ഇയേഴ്‌സ്’, 2008). സൽമാൻ റുഷ്ദിക്ക് ലഭിക്കുമെന്ന് സാഹിത്യലോകം അടക്കം പറഞ്ഞിരുന്ന പുരസ്‌കാരം എർനുവിലേക്ക് വഴുതിവീണതിൽ പരിഭവിക്കാൻ യാതൊരു കാരണവുമില്ലതന്നെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.