താന്‍ സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും ഇര; കോടതിയില്‍ മാത്രമേ വിശ്വാസമുള്ളൂവെന്ന് ദിലീപ്
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടാളികളുടേയും ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോടതി ചേരുമ്പോള്‍ തന്നെ ഇവ ഹാജരാക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസില്‍ പ്രതിയായ നടന്‍ ദിലീപിന് തന്റെ ഫോണ്‍ കൈവശംവയ്ക്കാന്‍ അധികാരമില്ല. സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാനാവില്ല, അതിനാല്‍ ഫോണ്‍ പരിശോധനക്കായി നല്‍കണമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസ് പരിഗണിക്കുകയായിരുന്നുകോടതി.ഫോണ്‍ തിങ്കളാഴ്ച രാവിലെ 10.15ന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേ സമയം ഫോണ്‍ മുംബൈയിലാണെന്നും തിങ്കളാഴ്ച ഹാജരാക്കാന്‍ കഴിയില്ലെന്നും ചൊവ്വാഴ്ച ഹാജരാക്കാമെന്ന് ദിലീപ് അറിയിച്ചു. എന്നാല്‍ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഫോണ്‍ മുംബൈയിലാണെങ്കില്‍ ആരെയെങ്കിലും അയച്ച് എടുക്കണമെന്നും കോടതി പറഞ്ഞു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് എന്നിവരുടേതടക്കം ആറു ഫോണുകള്‍ തിങ്കളാഴ്ച മുദ്ര വെച്ച കവറില്‍ കോടതിക്ക് കൈമാറണമെന്നാണ് ഉത്തരവ്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോണ്‍ നല്‍കാന്‍ ദിലീപ് തയാറായില്ല. ഇതോടെയാണ് ഫോണ്‍ നല്‍കണമെന്ന അന്തിമ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
പ്രത്യേക സിറ്റിങ്ങ് നടത്തിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഹരജി പരിഗണിച്ചത്.
അതേ സമയം താന്‍ ഇരയാണെന്നും സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വേട്ടയാടലിനാണ് ഇരയാകുന്നതെന്നും ദിലീപ് വാദിച്ചു. പൊലിസിന്റെ ഫോറന്‍സിക് പരിശോധനാലാബില്‍ വിശ്വാസമില്ല. ഇവിടെ പൊലിസിന്റെ സ്വാധീനമുണ്ടാകുമെന്നും ദിലീപ് വാദിച്ചു.
Comments are closed for this post.