2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒടുവില്‍ ‘കൈ’ വിടാന്‍ സച്ചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്

ഒടുവില്‍ ‘കൈ’ വിടാന്‍ സച്ചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള പ്രശ്‌നം പരിഹരിക്കാതെ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ‘പ്രഗതിശീല്‍ കോണ്‍ഗ്രസ്’ എന്ന പേരിലുള്ള പാര്‍ട്ടി സംബന്ധിച്ച് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാര്‍ഷിക ദിനമായ ഈ മാസം 11ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. റാലി നടത്തിയായിരിക്കും പ്രഖ്യാപനം.

ഗെഹ്‌ലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പല ശ്രമങ്ങളും നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ മെയ് 29ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്‍കൈയെടുത്തു ഇരുവരേയും ഒന്നിച്ചിരുത്തി സംസാരിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പിണക്കങ്ങള്‍ മറന്നു ഒറ്റക്കെട്ടായി നീങ്ങാനും ധാരണയിലെത്തിയിരുന്നു. അതിനിടെയാണ് സച്ചിന്റെ അപ്രതീക്ഷിത നീക്കം.

പാര്‍ട്ടി പ്രഖ്യാപനത്തിന്റെ മുന്നോടിയായി അനുഗ്രഹം തേടി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും മറ്റും സന്ദര്‍ശനം തുടരുകയാണ് സച്ചിന്‍. ഇന്നലെ കോണ്‍ഗ്രസ് രാജ്യസഭാ എം.പി വിവേക് തന്‍ഹയ്‌ക്കൊപ്പം ജബല്‍പൂരിലെത്തിയിരുന്നു.

അടുത്ത ഞായറാഴ്ച ശക്തിപ്രകടനമായി റാലി നടത്തും. ഈ പരിപാടിയിലായിരിക്കും പുതിയ പാർട്ടി പ്രഖ്യാപനം. അതേസമയം, എത്രപേർ സച്ചിനൊപ്പം കൂടുമാറുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറക്കുന്നതടക്കമുള്ള രാഷ്ട്രീയസാഹചര്യത്തിലേക്ക് ഒരുപക്ഷെ നീങ്ങിയേക്കാം. 2020ൽ ഗെഹ്ലോട്ടിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിക്കുമ്പോൽ 30ലേറെ എം.എൽ.എമാരുടെ പിന്തുണ സച്ചിനുണ്ടായിരുന്നു. എന്നാൽ, അന്ന് ഹൈക്കമാൻഡിന്റെ സഹായത്തോടെ ഇവരുടെ മനസുമാറ്റിയാണ് ഗെഹ്ലോട്ട് സർക്കാരിന്റെ നില ഭദ്രമാക്കിയത്. 200 അംഗ സഭയിൽ 125 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. അന്ന് ശബ്ദവോട്ടിലൂടെയാണ് ഗെഹ്ലോട്ട് സർക്കാർ അവിശ്വാസപ്രമേയം വിജയച്ചത്. ഒടുവിൽ 19 പേരാണ് സച്ചിനൊപ്പം നിലയുറച്ചത്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 11നു സച്ചിന്‍ നടത്തിയ നിരാഹാര സമരവും കഴിഞ്ഞ മാസം അജ്മീറില്‍ നിന്നു ജയ്പുര്‍ വരെ സച്ചിന്‍ നടത്തിയ അഞ്ച് ദിവസത്തെ യാത്രയുടേയും സംഘാടകര്‍ ഐപാക്കായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.