2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹൈദരാബാദ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല, ടി.ആര്‍.എസിനെ ഉവൈസി പിന്തുണക്കാന്‍ സാധ്യത, രണ്ട് സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാജിവെച്ചു

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 55 സീറ്റ് നേടി ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 48 സീറ്റില്‍ ജയിച്ച ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. എ.ഐ.എം.ഐ.എം 44 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജയിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ എ.ഐ.എം.ഐ.എം, ടി.ആര്‍.എസിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പില്‍ ഈ വിജയമല്ല പ്രതീക്ഷിച്ചതെന്ന് തെലങ്കാന ഐ.ടി മന്ത്രിയും ടി.ആര്‍.എസ് വര്‍ക്കിങ്ങ് പ്രസിഡന്റുമായ കെ. ടി രാമാറാവു പറഞ്ഞു. ടി.ആര്‍.എസ് തന്നെ വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.’ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല. 25 സീറ്റുകള്‍ കൂടി കിട്ടുമെന്ന് കരുതിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ടി.ആര്‍.എസ് വിജയിക്കുമെന്നാണ് പറഞ്ഞിരുന്നത്,’ കെ. ടി രാമ റാവു പറഞ്ഞു.

13ഓളം സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് 200 മുതല്‍ 300 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇതില്‍ നിരാശരാകാന്‍ ഒന്നുമില്ല. ഞങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടത്തും,’ അദ്ദേഹം പറഞ്ഞു.വോട്ട് ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നേരിട്ട വന്‍ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്ര്‌സ് സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവെച്ചു. പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റില്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാനായത്. 2016 ലും കോണ്‍ഗ്രസിന് രണ്ട് സീറ്റാണ് ലഭിച്ചിരുന്നത്.

നേരത്തെ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ ഉത്തം കുമാറിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി മുതല്‍ സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.