
ധാക്ക: 1971ന് ശേഷം തങ്ങളുടെ രാജ്യത്തുനിന്ന് ആരും ഇന്ത്യയിലേക്ക് കുടിയേറിയതായി അറിയില്ലെന്ന് ബംഗ്ലാദേശ്. അസമില്‍ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതായി അറിഞ്ഞിട്ടുണ്ടെന്നും അതു തികച്ചും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും അതില്‍ തങ്ങള്‍ക്ക് യാതൊരു കാര്യവുമില്ലെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് പറഞ്ഞു.
പൗരത്വ പട്ടികയില്‍ പേരില്ലാത്തവരെ ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ച അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ, അത്തരക്കാരെ തിരികെ എടുക്കണമെന്ന് ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണം ആരാഞ്ഞ ദേശീയമാധ്യമത്തോട് സംസാരിക്കുകയായിരുന്നു അസദുസ്സമാന്‍. പരാതികള്‍ ഉണ്ടെങ്കില്‍ ഇന്ത്യ ഔദ്യോഗികമായി അറിയിക്കട്ടെ. അപ്പോള്‍ അതിനോട് പ്രതികരിക്കാമെന്നും അസദുസ്സമാന്‍ ഖാന് പറഞ്ഞു.