2021 February 28 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആരും നിയമത്തിന് അതീതരല്ല; ട്രംപിനെതിരേ നാന്‍സി പെലോസി

വാഷിങ്ടന്‍: ആരും നിയമത്തിന് അതീതരല്ലെന്ന് വ്യക്തമാക്കുന്നതാണ് ട്രംപിനെതിരേ വീണ്ടും ജനപ്രതിനിധി സഭയില്‍ പാസായ ഇംപീച്‌മെന്റ് നടപടിയെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. യുഎസ് പ്രസിഡന്റ് ഡോണള്‍ ഡ് ട്രംപിനെ ഇംപീച് ചെയ്യാനുള്ള പ്രമേയം രണ്ടാം തവണയും ജന പ്രതിനിധി സഭ പാസാക്കിയതിനു പിന്നാലെയാണ് പെലോസിയുടെ പരാമര്‍ശം. ‘ആരും നിയമത്തിന് അതീതരല്ല, അമേരിക്കന്‍ പ്രസിഡന്റ് പോലും’ അവര്‍ പറഞ്ഞു.

രാജ്യത്തെ നടുക്കിയ കാപ്പിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് ട്രംപിനെതിരേ നടപടി. ഇംപീച്ച്‌മെന്റ് പ്രമേയം യുഎസ് ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പാസായത്.അതേസമയം, ഐക്യപ്പെടണമെന്നും അക്രമം ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടടെടുപ്പില്‍ ഇംപീച്ച് ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ഇംപീച്ച്‌മെന്റിനെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു ട്രംപിന്റെ വിഡിയോ സന്ദേശം. ‘ഈ നിമിഷത്തിന്റെ അഭിനിവേശങ്ങളെ മറികടന്ന് അമേരിക്കന്‍ ജനതയായി ഒന്നിക്കാന്‍ എല്ലാ അമേരിക്കക്കാരോടും ആഹ്വാനം ചെയ്യുന്നു. നമ്മുടെ കുടുംബങ്ങളുടെ നന്മയ്ക്കായി ഐക്യത്തോടെ മുന്നോട്ട് പോകാം’ ട്രംപ് വിഡിയോ സന്ദേശത്തില്‍ പറയുന്നു.
ജന പ്രതിനിധി സഭ പാസാക്കിയ പ്രമേയം ഇനി സെനറ്റിലും ഭൂരിപക്ഷം നേടിയാലേ ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ കഴിയു. ഇതു രണ്ടാം തവണയാണ് ട്രംപ് ഇംപീച്‌മെന്റ് നടപടി നേരിടുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമാണ് ഒരു പ്രസിഡന്റ് രണ്ടു തവണ ഇംപീച്‌മെന്റ് നടപടി നേരിടുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.