2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തുടക്കത്തിലേ കല്ലുകടി; സത്യപ്രതിജ്ഞാ ചടങ്ങിന് എത്താതെ അഞ്ച് ജെ.ഡി.യു എം.എല്‍.എമാര്‍

പട്‌ന: ബിജെപി സഖ്യം അവസാനിപ്പിച്ച് ആര്‍.ജെ.ഡി – കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി അസംതൃപ്തരായ എംഎല്‍എമാരുടെ നിസഹകരണം. മന്ത്രിസഭാ വികസനത്തില്‍ അവസരം ലഭിക്കാതിരുന്ന അഞ്ച് എംഎല്‍എമാര്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

പര്‍ബത്ത എംഎല്‍എ സഞ്ജീവ് കുമാര്‍, റുന്നിസയ്ദ്പുര്‍ എംഎല്‍എ പങ്കജ് കുമാര്‍ മിശ്ര, ബാര്‍ബിഗ എംഎല്‍എ സുദര്‍ശന്‍ കുമാര്‍, മട്ടിഹനി എംഎല്‍എ രാജ്കുമാര്‍ സിങ്, കേസരിയ എംഎല്‍എ ശാലിനി മിശ്ര എന്നിവരാണ് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചത്.

മാറിനിന്ന അഞ്ച് എംഎല്‍എമാരും ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 31 അംഗ മന്ത്രിസഭയില്‍ 11 അംഗങ്ങളാണ് ജെഡിയുവില്‍ നിന്നുള്ളത്. 16പേര്‍ ആര്‍ജെഡിയില്‍ നിന്നാണ്. കോണ്‍ഗ്രസിന് രണ്ടും ഹിന്ദുസ്ഥാന് അവാമി മോര്‍ച്ചയ്ക്ക് ഒന്നും ഒരു സ്വതന്ത്രനും മന്ത്രിസഭയിലുണ്ട്. ഇടത് പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ അംഗമായില്ല.

ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപും മന്ത്രിസഭയിലെത്തിയിട്ടുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നുളളവര്‍ക്കാണ് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം. എന്‍ഡിഎ സര്‍ക്കാരില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് ഒരു മന്ത്രിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് അഞ്ച് ആയി. മന്ത്രിമാരില്‍ പട്ടികജാതിക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ട്.

ഈ മാസം പത്തിനാണ് നിതീഷും തേജസ്വിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി ചേര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.