അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ല; ബാങ്കുകള്‍ പിഴിഞ്ഞെടുത്തത് 21,000 കോടി രൂപ; റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതത്തിന്റെ പേരില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞെടുത്തത് കോടികളെന്ന് റിപ്പോര്‍ട്ട്. 2018 മുതലുള്ള കാലയളവില്‍ പൊതുമേഖലാ ബാങ്കുകളും 5 മുന്‍ നിര സ്വകാര്യ ബാങ്കുകളും ചേര്‍ന്ന് 21,000 കോടി രൂപ പിഴയിനത്തില്‍ ഈടാക്കിയതായാണ് റിപ്പോര്‍ട്ട്. പരിധിക്ക് ശേഷമുള്ള എ.ടി.എം ഉപയോഗം, എസ്.എം.എസ് സേവനങ്ങള്‍ക്കുള്ള ചാര്‍ജ് അടക്കം 35,000 കോടി രൂപയാണ് മൊത്തം പിഴയിനത്തില്‍ ഈടാക്കിയതെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് പുറമെ ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഇന്‍ഡസ് ഇന്‍ഡ്, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ തുടങ്ങിയ ബാങ്കുകളാണ് മിനിമം തുക സൂക്ഷിക്കാത്തതിന് കോടികള്‍ ഈടാക്കിയത്. ഇത് കൂടാതെ സൗജന്യ ഇടപാടുകള്‍ക്ക് ശേഷമുള്ള എ.ടി.എം ഉപയോഗത്തിന്റെ ചാര്‍ജായി 8,000 കോടിയും, എസ്.എം.എസ് ചാര്‍ജിനത്തില്‍ 6,000 കോടിയും ഈടാക്കിയിട്ടുണ്ട്.
അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട മിനിമം തുക ഓരോ പ്രദേശത്തിനും വ്യത്യസ്ഥമായിരിക്കും. മെട്രോ നഗകങ്ങളില്‍ 3000 മുതല്‍ 10,000 രൂപ വരെ അക്കൗണ്ടില്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം. നഗരങ്ങളില്‍ 2000 മുതല്‍ 5000 രൂപക്കുള്ളിലും ഗ്രാമങ്ങളില്‍ 500 മുതല്‍ 1000 രൂപവരെയുമാണ് വിവിധ ബാങ്കുകളുടെ പരിധി. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ 400- 500 രൂപവരെ പിഴയിനത്തില്‍ ഈടാക്കും. അതുപോലെ മാസത്തില്‍ നാല് തവണയാണ് എ.ടി.എം വഴിയുള്ള സൗജന്യ ക്യാഷ് ട്രാന്‍സാക്ഷന്‍ പരിധിയായി മിക്ക ബാങ്കുകളും നിശ്ചയിച്ചിട്ടുള്ളത്.
Comments are closed for this post.