ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഡല്‍ഹിയില്‍ ആയിരങ്ങള്‍ തടിച്ചുകൂടി ബി.ജെ.പിയുടെ വിജയാഹ്ലാദ പരിപാടി. ബി.ജെ.പി ആസ്ഥാന മന്ദിരത്തിനു മുന്നിലെ മൈതാനത്തിലാണ് നിരവധി പേര്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് തടിച്ചൂകുടിയത്.
മാസ്‌ക് ശരിയായി ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാത്ത പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ അഭിസംബോധന ചെയ്തു. വൈകിട്ടു മുതല്‍ തന്നെ ഇവിടെ ആഘോഷ പരിപാടികള്‍ തുടങ്ങി. ആളുകളും കൂട്ടത്തോടെ എത്തിയിരുന്നു.
വേദിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മോദിയും അമിത്ഷായും ജെ.പി നഡ്ഡയും അടക്കമുള്ളവര്‍ സംബന്ധിച്ചത്. എന്നാല്‍ അണികള്‍ മണിക്കൂറുകളോളം തിക്കിത്തിരക്കി ചെലവഴിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ജനം നല്‍കിയ അംഗീകാരമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയമെന്നാണ് മോദി പ്രസംഗിച്ചത്. ജനതാ കര്‍ഫ്യു മുതല്‍ ഇങ്ങോട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫലവത്തായ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണ് ബിഹാറിലെ തെരഞ്ഞെടുപ്പു ഫലമെന്നും മോദി പറഞ്ഞു.
പ്രതിദിന കൊവിഡ് കണക്കില്‍ കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയെയും മറികടന്ന് ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്.
Comments are closed for this post.