2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

”വേദങ്ങളില്‍ പറഞ്ഞതുപോലെ ഇത് കലിയുഗമാണ്, മനുഷ്യര്‍ക്ക് കുറച്ച് കാലമേ ആയുസ്സുള്ളൂ, പിന്നെ എന്തിന് എന്നെ തൂക്കിലേറ്റണം?”; ഹിന്ദു പുരാണങ്ങളെ കൂട്ടുപിടിച്ച് വധശിക്ഷ നടപ്പിലാക്കുന്നതിനെതിരേ നിര്‍ഭയ കേസിലെ പ്രതിയുടെ പുനപരിശോധനാ ഹരജി കോടതിയില്‍

ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിനിരയാക്കി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാക്കാനിരിക്കേ വിചിത്ര വാദവുമായി കോടതിയില്‍ പ്രതികളില്‍ ഒരാളുടെ പുനപരിശോധനാ ഹരജി. നാല് പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിങ് ആണ് ഹിന്ദു പുരാണങ്ങളെയും ഡല്‍ഹിയിലെ മലിനീകരണവും ചൂണ്ടിക്കാട്ടി വധശിക്ഷ നടപ്പിലാക്കുന്നതിനെതിരേ സുപ്രിം കോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കിയത്.

‘ജീവിത കാലയളവ് കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എന്നെയെന്തിന് വധശിക്ഷക്ക് വിധേയനാക്കണം?, നമ്മുടെ വേദങ്ങളിലും ഉപനിഷത്തുകളിലും സൂചിപ്പിച്ചിരുന്ന പോലെ പണ്ട് കാലത്ത് ആളുകള്‍ ആയിരം വര്‍ഷത്തോളം ജീവിച്ചിരുന്നു. എന്നാല്‍ ഇത് കലിയുഗമാണ്, ഈ കാലഘട്ടത്തില്‍ മനുഷ്യര്‍ വളരെ കുറച്ച് കാലം മാത്രമാണ് ജീവിക്കുക. ഇപ്പോള്‍ 50-60 വയസ്സുവരെയാണ് ആളുകള്‍ ശരാശരി ജീവിക്കുന്നത്. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വരുന്ന ഒരാള്‍ ഒരു ശവത്തിന് തുല്യം തന്നെയാണ്”. തന്റെ 14 പേജുള്ള ഹരജിയില്‍ കേസിലെ പ്രധാന പ്രതിയായ ഇയാള്‍ നിരത്തിയ വാദങ്ങളാണ് ഇവയെല്ലാം.

കൂടാതെ രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തെയും തന്റെ വധശിക്ഷയുമായി ബന്ധപ്പെടുത്താന്‍ ഇയാള്‍ മറന്നില്ല. ഒരു ഗാസ് ചേംബറിനകത്തുള്‍പ്പെട്ടപോലെയാണ് ഇവിടുത്തെ അവസ്ഥയെന്നും. ചുറ്റും മലിനമാക്കപ്പെട്ട ്അന്തരീക്ഷമാണെന്നും ഇയാള്‍ ചൂണ്ടിക്കാട്ടുന്നു. ഗുണനിലവാരം കുറഞ്ഞ വെള്ളമാണ് കുടിക്കേണ്ടി വരുന്നത്. സര്‍വത്ര വിഷമാണ് എല്ലാത്തിലും. എല്ലാംകൊണ്ടും ജീവിതം വളരെ ചുരുങ്ങിച്ചുരുങ്ങി വരുന്ന പുതിയ സാഹചര്യത്തില്‍ തങ്ങളെ ശിക്ഷിക്കുന്നതിന്റെ ആവശ്യകത എന്താണെന്നും പ്രതി നല്‍കിയ ഹരജിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ വിനയ് ശര്‍മയുടെ ദയാഹരജി ഡല്‍ഹി സര്‍ക്കാരും കേന്ദ് സര്‍ക്കാരും തള്ളിയതിന് പിന്നാലെയാണ് അക്ഷയ് കുമാര്‍ പുനപരിശോധനാ ഹരജിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതികളായ വിനയ് ശര്‍മ, മുകേഷം സിംഗ്, പവന്‍ഗുപ്ത എന്നിവരുടെ ഹരജികള്‍ കോടതി നേരത്തേ തള്ളിയിരുന്നു. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഇവരെ തൂക്കിലേറ്റുന്നതിനായുള്ള നടപടി ക്രമങ്ങള്‍പുരോഗമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

2012 ഡിസംബറിലാണ് അക്ഷയ് സിംഗ് ഉള്‍പ്പെട്ട ആറംഗ സംഘം പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ 23കാരിയെ ഓടുന്ന ബസ്സില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. പിന്നീട് ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് ബസില്‍ നിന്നും പുറത്തെറിയുകയായിരുന്നു. 13 ദിവസം ജീവനോട് മല്ലടിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നിര്‍ഭയ കേസിനെ തുടര്‍ന്ന്് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ തടയുന്നതിന് പുതിയ നിയമനിര്‍മാണം തന്നെ നടത്തുകയുണ്ടായി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News