കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാംപിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഒന്‍പത് വയസുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ പോസറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ ഐസോലേഷന്‍ കാലാവധി പൂര്‍ത്തിയായി.
അതേസമയം, നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരിക്കുന്നത് തുടരും. കുറ്റ്യാടി മരുതോങ്കരയില്‍ നിന്നും പൈക്കളങ്ങാടിയില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിക്കുക.
കഴിഞ്ഞ ദിവസം ഈന്ത്, അടക്ക എന്നിവയും പരിശോധനക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനം വകുപ്പും പാലോട് കേരള അഗ്രികള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസും ജില്ല മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നിരുന്നു.
Comments are closed for this post.