കണ്ണൂർ: തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് നിഹാല്‍ നൗഷാദിന്‍റെ (11) ഖബറടക്കം ഇന്ന് നടക്കും. വിദേശത്തുള്ള പിതാവ് നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം നാട്ടിലെത്തി അവസാനമായി മകനെ കണ്ടതിന് ശേഷമായിരിക്കും ഖബറടക്കം നടക്കുക. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഓട്ടിസം ബാധിച്ച് സംസാരശേഷി നഷ്ടമായ കുട്ടിയാണ് ഇന്നലെ തെരുവ്‌നായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് വെച്ചാണ് നായ ആക്രമിച്ചത്. രാത്രി എട്ടോടെയാണ് കുട്ടിയെ മരിച്ച നിലയിൽ പൊലിസും നാട്ടുകാരും ചേർന്ന് കണ്ടെത്തുകയായിരുന്നു. സംസാര ശേഷിയില്ലാത്തതിനാൽ ഒന്നുറക്കെ കരയാൻ പോലുമാകാതെയാണ് നിഹാൽ നൗഷാദ് എന്ന 11 കാരൻ കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. സാധാരണ അയൽവീടുകളിലേക്ക് പോകാറുണ്ടായിരുന്നു. അയൽവീടുകളിൽ അന്വേഷിച്ചിട്ടും കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളും നാട്ടുകാരും കൂടി തിരച്ചിൽ തുടങ്ങി. പൊലിസിലും വിവരമറിയിച്ചു.
കുട്ടിയുടെ വീട്ടിൽനിന്നും 300 മീറ്റർ അപ്പുറം ആളൊഴിഞ്ഞ വീട്ടുപറമ്പിൽനിന്ന് തെരുവുനായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടതായി ചിലർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ ചെടികൾക്കിടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാകെ കടിയേറ്റ് കീറിയ നിലയിലായിരുന്നു. മുഖവും കാലുകളും വയറും നായ്ക്കൾ കടിച്ചുപറിച്ചിരുന്നു. അരക്ക് താഴെയാണ് സാരമായി കടിയേറ്റത്.
മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം ഇതാദ്യമല്ല. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നാലുമാസം മുമ്പ് കുട്ടികൾക്കടക്കം തെരുവുനായുടെ കടിയേറ്റിരുന്നു. നായ്ക്കളുടെ വിളയാട്ടത്തിനെതിരെ വ്യാപക പ്രതിഷേധം നടന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഒന്നും ഉണ്ടായില്ല.
Comments are closed for this post.