
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഉപേന്ദ്ര കൗളിന് കഴിഞ്ഞദിവസം എന്‍.ഐ.എ സമന്‍സ് അയച്ചിരുന്നു. ജയിലിലുള്ള കശ്മീരി ഹുരിയത്ത് നേതാവ് യാസീന്‍ മാലിക്കിന് മെസേജ് അയച്ചുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് അദ്ദേഹം എന്‍.ഐ.എയ്ക്കു മുന്‍പാകെ ഹാജരായി.
എന്നാല്‍, ഡോക്ടറുടെ വിശദീകരണം കേട്ട എന്‍.ഐ.എ ചമ്മിപ്പോയി. INR 2.78 എന്ന മെസേജ് അയച്ചതിനാണ് കാര്‍ഡിയോളജിസ്റ്റിന് എന്‍.ഐ.എ സമന്‍സയച്ചത്. രക്ത പരിശോധനയുടെ അളവായ ‘ഇന്റനാഷണലൈസ്ഡ് നോര്‍മലൈസ്ഡ് റേഷ്യോ’ ആണ് ഡോക്ടര്‍ ഉദ്ദേശിച്ചത്. യാസീന്‍ മാലിക്കിനെ പരിശോധിക്കുന്ന ഡോക്ടറാണ് ഉപേന്ദ്ര കൗള്‍.
എന്നാല്‍ എന്‍.ഐ.എ വിചാരിച്ചത്, INR 2.78 കോടി രൂപയെന്നാണ്. ‘ഇന്ത്യന്‍ റുപീസ്’ എന്നു തെറ്റിദ്ധരിച്ചാണ് നോട്ടീസയച്ചത്. ഹുരിയത്ത് നേതാവുമായി ഹവാല ഇടപാടെന്നും എന്‍.ഐ.എ സംശയിച്ചു.
എന്നാല്‍ അദ്ദേഹത്തിനെതിരെ സമന്‍സ് വരാന്‍ മറ്റൊരു കാരണം കൂടിയുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ എന്‍.ഡി.ടി.വി ചര്‍ച്ചാ പരിപാടിയില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു.
Comments are closed for this post.