തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ഭാരവാഹികളുടെയും രണ്ടാംനിര നേതാക്കളായി പ്രവർത്തിച്ചിരുന്നവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും പരക്കെ റെയ്ഡ്. ലോക്കൽ പോലീസിന്റെ സഹായത്തോടെ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പരിശോധന തുടങ്ങിയത്. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. എൻ.ഐ.എയുടെ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് തുടരുന്നത്. നേരത്തെ സംസ്ഥാന നേതാക്കളുടെയും സംഘടനയുടെ ഓഫീസുകളിലും നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു കേന്ദ്രസർക്കാർ സംഘടനയെ നിരോധിച്ചത്.
എറണാകുളം റൂറൽ പരിധിയിലാണ് കൂടുതൽ റെയ്ഡ്. ഇവിടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണ്.
തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ. എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുകയാണ്. പി.എഫ്.ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡന്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അംഗം സുൽഫി വിതുര, മുൻ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടലാണ് പരിശോധന.
പത്തനംതിട്ടയിൽ മുൻ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിലും പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും പരിശോധന നടക്കുകയാണ്.
കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻ.ഐ.എ റെയ്ഡ് നടക്കുകയാണ്. മുൻ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഈരാറ്റുപേട്ടയിലും എൻ.ഐ.എയുടെ പരിശോധന നടക്കുകയാണ്.
മൂവാറ്റുപുഴയിൽ പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ അഷ്‌റഫിന്റെ (തമർ) വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിന്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു.
മലപ്പുറത്തും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. നാലിടങ്ങളിലാണ് ഒരേ സമയമാണ് റെയ്ഡ്. നിലവിൽ തടവിൽ കഴിയുന്ന മുൻ ദേശീയ പ്രസിഡന്റ് ഒ.എം.എ സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുകയാണ്. മലപ്പുറം സോണൽ പ്രസിഡന്റ് ആയിരുന്ന മണ്ണാർക്കാട് കോട്ടോപ്പാടത്ത് നാസർ മൗലവി എന്ന വ്യക്തിയുടെ വീട്ടിലും റെയ്ഡ് നടന്നു.
കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ മുൻ പ്രവർത്തകൻ നൗഷാദിന്റെയും കോഴിക്കോട് പാലേരിയിൽ കെ. സാദത്ത് മാസ്റ്ററുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
Comments are closed for this post.