2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജാമിഅ പൊലിസ് അതിക്രമം: പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ദേശീയ മനുഷ്യവകാശ കമ്മീഷന്‍

 

ന്യൂഡല്‍ഹി: പൗത്വനിയമഭേദഗതിക്കെതിരായ സമരത്തിനിടെ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലുണ്ടായ പൊലിസ് അതിക്രമം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിദ്യാര്‍ഥികള്‍ എന്തിന് പൗരത്വനിയമഭേദഗതിക്കെതിരേ സമരത്തിനിറങ്ങിയെന്ന് ഡല്‍ഹി പൊലിസിലെ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ച് കണ്ടെത്തണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അതേസമയം കാംപസിലെ പൊലിസ് അതിക്രമം അന്വേഷിക്കാന്‍ ശുപാര്‍ശയൊന്നുമില്ല. 2019 ഡിസംബറില്‍ സര്‍വ്വകലാശാലയിലെ ലൈബ്രറിയിലും ശുചിമുറികളിലും കടന്നുകയറിയ ഡല്‍ഹി പൊലിസ് വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ചിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു. പൊലിസ് മര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലൈബ്രറിയില്‍ വായിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ പൊലിസ് കടന്നു കയറി മര്‍ദ്ദിക്കുന്നത് വ്യക്തമായിരുന്നു.

പൊലിസ് അതിക്രമത്തിനെതിരേ വിദ്യാര്‍ഥികളാണ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ തന്നെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് കമ്മിഷന്‍. സര്‍വ്വകലാശാലയുടെ അനുമതിയില്ലാതെയാണ് വിദ്യാര്‍ഥികള്‍ പൗരത്വനിയമഭേദഗതിക്കെതിരായ സമരത്തിനിറങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കാംപസിനു പുറത്തു നിന്നുള്ളവരുടെ സ്വാധീനത്തിന് വഴങ്ങിയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയതെന്നാണ് കമ്മീഷന്റെ നിരീക്ഷണം. നിയമവിരുദ്ധമായി സമരം നടത്തിയവരില്‍ ജാമിഅ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതാണ് പൊലിസ് നടപടിക്ക് കാരണമായത്. സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രഹസ്യശക്തികളെ പുറത്തുകൊണ്ടുവരണം. ജാമിഅയില്‍ നടന്ന സമരത്തിന്റെ പിന്നിലെ പ്രേരക ശക്തിയാരെന്നറിയണം. ചിലരെല്ലാം വിദ്യാര്‍ഥികളുടെ മറവില്‍ നിന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യം പുറത്തുവരണം. അതിനായി പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനായി ഡല്‍ഹി പൊലിസ് ക്രൈംബ്രാഞ്ചിന് കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം. സമയത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ അറസ്റ്റ് ചെയ്യണം. പൊലിസും സി.ആര്‍.പി.എഫും ആര്‍.എ.എഫും കാംപസില്‍ കടന്നു കയറി അതിക്രമം കാട്ടിയത് സംബന്ധിച്ച് അതത് വിഭാഗങ്ങള്‍ തന്നെ കുറ്റം ചെയ്തവര്‍ക്കെതിരേ നടപടി എടുത്താല്‍ മതിയെന്നാണ് കമ്മീഷന്‍ ശുപാര്‍ശ. ജുഡീഷ്വല്‍ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതെക്കുറിച്ച് റിപ്പോര്‍ട്ട് നിശ്ശബ്ദമാണ്.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.