2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഒമ്പതു തവണ ഫൗള്‍ ചെയ്യപ്പെട്ടു; പരിക്കേറ്റ നെയ്മറിന്റെ കണങ്കാലില്‍ നീരുകെട്ടി

ദോഹ: ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ബ്രസീല്‍ സെര്‍ബിയക്കെതിരേ ആധികാരിക ജയം നേടിയെങ്കിലും പരിക്കേറ്റ് കളംവിടേണ്ടി വന്ന സൂപ്പര്‍ താരം നെയ്മറിന്റെ ഫിറ്റ്‌നസില്‍ ആശങ്ക. കനത്ത ടാക്ലിങിന് വിധേയനായി കണങ്കാലിന് പരുക്കേറ്റ നെയ്മര്‍ 80ാം മിനിറ്റില്‍ കണ്ണീരോടെയാണ് ഗ്രൗണ്ട് വിട്ടത്. കണങ്കാല്‍ നീരുകെട്ടി വീര്‍ത്തു. മെഡിക്കല്‍ സ്റ്റാഫ് ചികിത്സ നല്‍കിയപ്പോള്‍ വേദന കൊണ്ട് നെയ്മര്‍ ജഴ്‌സിയില്‍ മുഖം മറച്ചു.

നെയ്മറിന്റെ കണങ്കാല്‍ ഉളുക്കിയെന്നും പരിക്കിന്റെ വ്യാപ്തി വിലയിരുത്താന്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയം വേണമെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ സ്ഥിരീകരിച്ചു. നേരിട്ടുള്ള ആഘാതമാണെന്നും ചികില്‍സ ആവശ്യമാണെന്നും ലാസ്മര്‍ പറഞ്ഞു. തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ നെയ്മര്‍ കളിക്കുന്ന കാര്യം ഇതോടെ ആശങ്കയിലായി. ഒമ്പതു തവണയാണ് പി.എസ്.ജി താരം ഫൗള്‍ ചെയ്യപ്പെട്ടത്. സെര്‍ബിയയുടെ നിക്കോള മിലെന്‍കോവിച്ചിന്റെ കഠിനമായ ടാക്ലിങിലാണ് പരിക്കേറ്റത്.

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ നേടിയ വണ്ടര്‍ ഗോള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ധാരാളം വകനല്‍കിയെങ്കിലും നെയ്മറിന്റെ കണ്ണീര്‍ മടക്കം ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. റിച്ചാര്‍ലിസണിന്റെ ആദ്യ ഗോളില്‍ നിര്‍ണായക പങ്കുവഹിച്ച നെയ്മര്‍ മികച്ച ഫോമിലേക്ക് എത്തിയിരുന്നു. അവസാന 10 മിനിറ്റ് ഐസ് പാക്ക് ട്രീറ്റ്‌മെന്റുമായി സൈഡ് ബെഞ്ചിലിരുന്നാണ് നെയ്മര്‍ വീക്ഷിച്ചത്.

നെയ്മറിന് പരിക്കേറ്റത് ആദ്യം കണ്ടിരുന്നില്ലെന്ന് കോച്ച് പറഞ്ഞു. പരിക്ക് ഉടന്‍ ഭേദമാവുമെന്നും എല്ലാം മറികടക്കാനുള്ള ശേഷി നെയ്മറിനുണ്ടെന്നും ഖത്തര്‍ ലോകകപ്പില്‍ തുടര്‍ന്ന് കളിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്നും കോച്ച് തറപ്പിച്ചുപറഞ്ഞത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

നെയ്മറിന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. 2014ല്‍ തന്റെ മാതൃരാജ്യത്ത് നടന്ന ലോകകപ്പില്‍ മുതുകിലെ ഒടിവ് നെയ്മറിന് വിനയായപ്പോള്‍ 2018ല്‍ ബ്രസീല്‍ ടീം തന്നെ നിറംമങ്ങിയപ്പോള്‍ നെയ്മറിന് ഉദിച്ചുയരാനായില്ല. തന്റെ മാസ്മരികമായ ഫുട്‌ബോള്‍ സ്‌കില്‍ ഒരിക്കല്‍ക്കൂടി ലോകത്തിന് കാണിച്ചുകൊടുക്കാന്‍ നെയ്മര്‍ തിരിച്ചെത്തണമെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.