2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

റണ്‍മല കയറാന്‍ കിവികള്‍ക്കായില്ല; പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: അഹമ്മദാബാദില്‍ റണ്‍മല പടുത്തുയര്‍ത്തിയ ശേഷം കിവികളെ എറിഞ്ഞുവീഴ്ത്തി ടീം ഇന്ത്യക്ക് ട്വന്റി 20 പരമ്പര. മൂന്നാമത്തെയും അവസാനത്തേയും മത്സരത്തില്‍ 168 റണ്‍സിന്റെ പടുകൂറ്റന്‍ ജയവുമായാണ് ഇന്ത്യ പരമ്പര 2-1ന് പേരിലാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവികള്‍ 12.1 ഓവറില്‍ 66 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ നാലും അര്‍ഷ്ദീപ് സിംഗും ഉമ്രാന്‍ മാലിക്കും ശിവം മാവിയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

25 പന്തില്‍ 35 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ മാത്രമാണ് ന്യൂസീലന്‍ഡ് നിരയില്‍ തിളങ്ങിയത്. കുല്‍ദീപ് യാദവ് ഒഴികെ ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തില്‍ ഇടംപിടിച്ചു. ഫിന്‍ അലനെ (3) ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഓവറില്‍ സൂര്യകുമാര്‍ യാദവ് പറന്നുപിടിച്ചാണ് ന്യൂസീലന്‍ഡ് ഇന്നിങ്‌സിന് തുടക്കമിട്ടത്. ഡെവോണ്‍ കോണ്‍വേയും (1) മാര്‍ക് ചാപ്മാനും (0) അര്‍ഷ്ദീപിന്റെ അടുത്ത ഓവറില്‍ മടങ്ങി. ഹാര്‍ദികിന്റെ മൂന്നാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ (2) വീണ്ടും സൂര്യ പറന്നുപിടിച്ചു.

മൈക്കല്‍ ബ്രേസ്‌വല്‍ (8) ഉമ്രാന്‍ മാലിക് എറിഞ്ഞ അഞ്ചാം ഓവറില്‍ പുറത്തായി. മിച്ചല്‍ സാന്റ്‌നറിനെ (13) ശിവം മവിയുടെ ഓവറില്‍ മറ്റൊരു ക്യാച്ചിലൂടെ സൂര്യയും മടങ്ങി. അതേ ഓവറില്‍ തന്നെ സിഹ് സോധിയെ (0) രാഹുല്‍ ത്രിപാഠി പിടികൂടി.  12ആം ഓവറില്‍ ബ്ലയര്‍ ടിക്ക്‌നറെ (1) ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ച ഹാര്‍ദിക് 4 വിക്കറ്റ് നേട്ടം സ്വന്തമാക്കി. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഡാരില്‍ മിച്ചലിനെ (35) ശിവം മവിയുടെ കൈകളിലെത്തിച്ച ഉമ്രാന്‍ മാലിക് ന്യൂസീലന്‍ഡിന്റെ അവസാന വിക്കറ്റ് വീഴ്ത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.