
തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെത് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും രാമചന്ദ്രന് പിള്ള ആരോപിച്ചു.
സിബിഐ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും നേതാക്കന്മാരും നേരിട്ട് നല്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സികളുടെ പ്രവര്‍ത്തനം. അന്വേഷണത്തിലൂടെ ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും എസ്ആര്‍പി പറഞ്ഞു.
ബിനീഷ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന് മാത്രമാണ് ബിനീഷെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് പ്രധാനം. കേസില്‍ അന്വേഷണം നടക്കട്ടെ, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷ് ശിക്ഷിക്കപ്പെടട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ബിനീഷ്, ശിവശങ്കര്‍ വിഷയങ്ങള്‍ പൊളിറ്റ് ബ്യൂറോയിലോ, കേന്ദ്ര കമ്മിറ്റിയിലോ ചര്‍ച്ച ചെയ്തിട്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യത്തിലാണ്. ഈ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും രാമചന്ദ്രന് പിള്ള കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി നവംബര്‍ 26ന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പൊതുപണിമുടക്ക് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments are closed for this post.