പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് പുകയില നല്‍കുന്നത് പൂര്‍ണമായി നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് പുകയില വില്‍ക്കുന്നത് നിരോധിക്കുന്ന നിയമനിര്‍മാണവുമായി ന്യൂസിലന്‍ഡ്. 2025ഓടെ രാജ്യത്തെ പുകവലി വിമുക്തമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പാണിത്. പാര്‍ലമെന്റില്‍ ഭേദഗതി ബില്ലിന്റെ മൂന്നാംവായന പൂര്‍ത്തിയാക്കി. ലേബര്‍, ഗ്രീന്‍സ്, ടെ പാത്തി മാവോറി എന്നീ കക്ഷികളുടെ പിന്തുണയോടെ പാര്‍ലമെന്റില്‍ അന്തിമ വായന പാസാക്കിയ ശേഷം ബില്‍ ഉടന്‍ നിയമമാകും.
രാജ്യത്തുടനീളം സിഗരറ്റ് വില്‍ക്കാന്‍ നിയമപരമായി അനുവദിച്ചിരിക്കുന്ന സ്റ്റോറുകളുടെ എണ്ണം 6,000 ല്‍ നിന്ന് 600 ആയി കുറയ്ക്കുമെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 2023ല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.
ആയിരക്കണക്കിന് ആളുകള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ ഉപകരിക്കുന്ന ബില്ലാണിതെന്ന് ആരോഗ്യ സഹമന്ത്രി ആയിഷ വെറാള്‍ ചൊവ്വാഴ്ച നിയമം പാസാക്കുന്ന വേളയില്‍ പ്രസ്താവിച്ചു. ‘ആയിരക്കണക്കിന് ആളുകള്‍ ആരോഗ്യകരമായ ജീവിതം നയിക്കും. പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ചികിത്സിക്കേണ്ടതില്ലാത്തതിനാല്‍ ആരോഗ്യ മേഖലയ്ക്ക് അഞ്ച് ബില്യണ്‍ ഡോളറിന്റെ മെച്ചമുണ്ടാവും. കൂടാതെ കാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം, അംഗച്ഛേദം എന്നിവയും ഗണ്യമായി കുറയും-മന്ത്രി ആയിഷ പറഞ്ഞു.
പുകവലിരഹിത പരിസ്ഥിതിയും നിയന്ത്രിത ഉല്‍പന്നങ്ങളും എന്ന പേരിലുള്ള ഭേദഗതി ബില്ലില്‍ മൂന്ന് പ്രധാന നിയമങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നതെന്ന് ദി ന്യൂസിലന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പുകയില ഉല്‍പന്നങ്ങളിലെ നിക്കോട്ടിന്‍ ഉള്ളടക്കം കുറയ്ക്കുക, പുകയില വില്‍ക്കുന്ന ചില്ലറ വ്യാപാരികളുടെ എണ്ണം കുറയ്ക്കുക, 2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച ആര്‍ക്കും പുകയില വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണിവ.
ന്യൂസിലന്‍ഡില്‍ പുകവലി നിരക്ക് ഇപ്പോള്‍ തന്നെ കുറവാണ്. പ്രായപൂര്‍ത്തിയായവരില്‍ 8% മാത്രമാണ് പ്രതിദിനം പുകവലിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് ഇത് 9.4% ആയിരുന്നു. 10 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ പകുതിയായി നിരക്ക് കുറഞ്ഞിട്ടുണ്ട്.
Comments are closed for this post.