2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി; വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി; വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ചക്രവാതച്ചുഴിക്ക് സാധ്യത കല്‍പ്പിക്കുന്നത്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് മിതമായ രീതിയല്‍ മഴ തുടരുമെന്നാണ് പ്രവചനം.

അതേസമയം ഇന്ന് തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ഇന്നലെ തലസ്ഥാനത്തുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നു.

എന്നാല്‍ കേരളത്തില്‍ മഴ ലഭ്യത വരും നാളുകളില്‍ കുറയുമെന്നാണ് കണക്ക് കൂട്ടുന്നത്. മലബാര്‍ ജില്ലകളിലടക്കം ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി ( -62%), വയനാട് ( -58%), കോഴിക്കോട് ( -56%), പാലക്കാട് ( -54%) കോട്ടയം ( -53%) തൃശൂര്‍ (-52%) എന്നിങ്ങനെയാണ് കണക്കുകള്‍. മൂന്ന് മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ( 1728.3 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ ( 2576.8 mm) 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

ജൂണില്‍ ശരാശരി 648.3 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് ലഭിച്ചത് 260.3 എംഎം മഴ മാത്രമാണ്. 60 ശതമാനമാണ് കുറവ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈ കേരളത്തില്‍ മെച്ചപ്പെട്ട മഴ ലഭിച്ചു. 653. 5 എംഎം ലഭിക്കേണ്ട ജൂലൈ മാസത്തില്‍ ലഭിച്ചത് 592 എംഎം മഴയാണ്. ഒമ്പത് ശതമാനത്തിന്റെ കുറവാണ് വന്നത്. 123 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് എന്ന റെക്കോര്‍ഡുമായാണ് ഓഗസ്റ്റ് മാസം അവസാനിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.