ന്യൂനമര്‍ദ്ദം; ശനിയാഴ്ച്ച വരെ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യതയുള്ളത്. തെക്കന്‍ ജില്ലകള്‍ക്ക് പുറമെ വടക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും ജാഗ്രത പാലിക്കമെന്നും അറിയിപ്പുണ്ട്. ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
വ്യാഴാഴ്ച്ച ആറിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. വെള്ളിയാഴ്ച്ച ഇവക്ക് പുറമെ പാലക്കാട് മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും സമീപമാണ്.
അടുത്ത 24 മണിക്കൂറില്‍ ഇത് വടക്കു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. എന്നാല്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനിടയില്ല.
മത്സ്യബന്ധനത്തിന് വിലക്ക്
ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
Comments are closed for this post.