2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇനി ചെലവേറും’; യു.കെയില്‍ വിസ ഫീസ് വര്‍ധന നിലവില്‍ വന്നു; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

‘ഇനി ചെലവേറും’; യു.കെയില്‍ വിസ ഫീസ് വര്‍ധന നിലവില്‍ വന്നു; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

വിദേശ മലയാളികളെ സംബന്ധിച്ച് അത്ര നല്ല സമയമല്ല ഇപ്പോള്‍. നാട്ടിലെ തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടി വിദേശത്തേക്ക് വിമാനം കയറിയ മലയാളികളെ നിരാശരാക്കുന്ന വാര്‍ത്തകളാണ് കാനഡയില്‍ നിന്നും, യു.കെയില്‍ നിന്നുമൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ തന്നെ കാനഡയുമായുള്ള നയതന്ത്ര പ്രതിസന്ധി പഠനത്തിനായും ജോലിക്കായും കാനഡയിലെത്തിയ മലയാളികളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.കെയിലേക്കുള്ള കുടിയേറ്റത്തിലും പ്രതിസന്ധിയുള്ളത്.

ഇന്ന് മുതല്‍ യു.കെ കുടിയേറ്റം ചെലവേറും

കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി യു.കെ സര്‍ക്കാര്‍ മുന്നോട്ട് വെച്ച വിസ ഫീസ് വര്‍ധന നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. യു.കെയിലെ വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ പുതിയ നിയമത്തിന്റെ ഭവിഷ്യത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് ഇന്ത്യക്കാരാണെന്നതാണ് വാസതവം. വിസിറ്റിങ് വിസയടക്കം എല്ലാ വിസകളിലും ഏറ്റവും കുറഞ്ഞത് 15 ശതമാനത്തിന്റെ ഫീസ് വര്‍ധനവിനാണ് ഇപ്പോള്‍ നിയമ സാധുത വന്നിരിക്കുന്നത്.

   

പ്രയോറിറ്റി വിസ, സ്റ്റുഡന്റ് വിസ, സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയില്‍ കുറഞ്ഞത് 20 ശതമാനത്തിന്റെ വര്‍ധനവുണ്ട്. എന്‍ട്രി ക്ലിയറന്‍സ്, പഠനത്തിനും ജോലിക്കുമായി യു.കെയില്‍ തുടരുന്നതിനുള്ള അപേക്ഷകള്‍, വര്‍ക്ക് വിസ, ഹെല്‍ത്ത് സര്‍ച്ചാര്‍ജ്, സി.എ.എസ് എന്നിവയിലും ഗണ്യമായ ഫീസ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ മെഡിക്കല്‍ മേഖലകളിലടക്കം ജോലിക്കായി യു.കെയിലെത്തിയ ഇന്ത്യക്കാരുടെ കാര്യം അവതാളത്തിലാവാനാണ് സാധ്യത.

അതേസമയം നിരക്ക് വര്‍ധന യു.കെയുടെ പൊതുമേഖല സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് കാരണമാകുമെന്നാണ് യു.കെ സര്‍ക്കാരിന്റെ വാദം. പൊതുമേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ ശമ്പള വര്‍ധനവിനും, സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദേശീയ ആരോഗ്യ മേഖല (എന്‍.എച്ച്.എസ്) ആശുപത്രികളുടെ വകസനത്തിനും ചുക്കാന്‍ പിടിക്കുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞത്.

ഫീസ് വര്‍ധന നിലവില്‍ വന്ന മേഖലകള്‍
വിസിറ്റിങ് വിസ, സ്റ്റുഡന്റ് വിസ, സ്‌പോണ്‍സര്‍ഷിപ്പ്, വര്‍ക്ക് വിസ, എന്‍ട്രി ക്ലിയറന്‍സ്, ഹെല്ത്ത് ഇന്‍ഷുറന്‍സ്, സിറ്റിസണ്‍ഷിപ്പ്, വിസ കാലാവധി നീട്ടാനുള്ള അപേക്ഷ, എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും ഫീസ് വര്‍ധന നിലവില്‍ വരും.

പുതുക്കിയ നിരക്കുകള്‍
* ആറ് മാസത്തിനുള്ളില്‍ കാലാവധിയുള്ള വിസിറ്റ് വിസ ഫീസ് 115 പൗണ്ടായി ഉയരും. ഏകദേശം 15 പൗണ്ടിന്റെ വര്‍ധന.

  • പുതിയതായി സ്റ്റുഡന്റ് വിസകള്‍ക്കുള്ള അപേക്ഷ ഫീസ് 363 പൗണ്ടില്‍ നിന്നും 490 പൗണ്ടായി ഉയരും. ഇന്ത്യയടക്കമുള്ള രാജ്യക്കാര്‍ക്ക് ഏകദേശം 127 പൗണ്ടിന്റെ അധിക ബാധ്യതയാണ് സ്റ്റുഡന്റ് വിസകളില്‍ വരാന്‍ പോവുന്നത്.
  • മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കില്‍ഡ് വര്‍ക്ക് വിസ ഫീസ് 719 പൗണ്ടില്‍ നിന്നും 827 പൗണ്ടായി ഉയര്‍ത്തി. സ്‌പെഷ്യലിസ്റ്റ് വര്‍ക്ക് വിസകള്‍ക്കുള്ള ഫീസ് 625 പൗണ്ടില്‍ നിന്നും 719 പൗണ്ടായും ഉയര്‍ത്തി.
  • മൂന്ന് വര്‍ഷത്തിന് മുകളിലുള്ള വര്‍ക്ക് വിസകള്‍ക്കുള്ള ഫീസ് 1235 പൗണ്ടില്‍ നിന്നും 1420 രൂപയായി വര്‍ധിപ്പിച്ചു.
  • യു.കെ തൊഴില്‍ ക്ഷാമമുള്ള മേഖലകളിലേക്കുള്ള മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസകളിലേക്കുള്ള അപേക്ഷ ഫീസ് 479 പൗണ്ടില്‍ നിന്നും 551 പൗണ്ടായി ഉയര്‍ത്തി. മൂന്ന് വര്‍ഷത്തില്‍ കൂടുതലുള്ള തൊഴില്‍ ക്ഷാമ വിസകള്‍ക്ക് ഇനി മുതല്‍ 1084 പൗണ്ട് നല്‍കേണ്ടി വരും. നേരത്തെ ഇത് 943 പൗണ്ടായിരന്നു.
  • യു.കെയിലെ ആരോഗ്യ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കായുള്ള മൂന്ന് വര്‍ഷ കാലാവധിയുള്ള സ്‌കില്‍ഡ് വിസ ഫീസ് 247 പൗണ്ടില്‍ നിന്ന് 284 പൗണ്ടായി ഉയരും. മൂന്ന് വര്‍ഷത്തേക്ക് കൂടുതലുള്ള സമാന വിസക്ക് നേരത്തെ 479 പൗണ്ടുണ്ടായിരുന്നത് ഇനിമുതല്‍ 551 പൗണ്ടായി ഉയരും.

പുതിയ നിരക്ക് വര്‍ധന ഏതായാലും യു.കെ മലയാളികളുടെ നടുവൊടിക്കുമെന്നുറപ്പാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.