2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ മൂന്ന് ഭൂഗര്‍ഭ തുരങ്കങ്ങള്‍: പ്രധാനമന്ത്രി, ഉപരാഷ്ട്രപതിയുടെയും വസതികളുമായി ബന്ധിപ്പിക്കും

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ മൂന്ന് ഭൂഗര്‍ഭ തുരങ്കങ്ങളുമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളുമായും എം.പിമാരുടെ ചേംബറുകളുമായും ബന്ധിപ്പിക്കുന്ന മൂന്ന്തുരങ്കങ്ങളെങ്കിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ രേഖാചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനും രാജ്യത്തെ അതീവ സുരക്ഷാ മേഖലയില്‍ വി.വി.ഐപികളുടെ സഞ്ചാര സ്വാതന്ത്യം സുഗമമാക്കുന്നതിനും വേണ്ടിയാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. രാഷ്ട്രപതി ഭവന്‍ അധികം അകലെയല്ലാത്തതിനാലും രാഷ്ട്രപതിയുടെ പാര്‍ലമെന്റ് സന്ദര്‍ശനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നതിനാലും ഭൂഗര്‍ഭ തുരങ്കങ്ങള്‍ രാഷ്ട്രപതി ഭവനുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശമില്ല. പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ വസതിയും ഓഫിസും സൗത്ത് ബ്ലോക്ക് സൈഡിലായിരിക്കും.
വി.വി.ഐപികള്‍ പൊതുപാത ഉപയോഗിക്കുമ്പോള്‍ നടപ്പാക്കേണ്ടി വരുന്ന ഗതാഗത നിയന്ത്രണങ്ങള്‍ സാധാരണക്കാരെ ബാധിക്കുന്നതു കൂടി കണക്കിലെടുത്താണ് ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനം. പുറത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളില്‍നിന്നും കടന്നു കയറ്റത്തില്‍നിന്നും പാര്‍ലമെന്റ് മന്ദിരത്തെ സംരക്ഷിക്കുക എന്നതും തുരങ്കങ്ങള്‍ നിര്‍മിക്കുന്നതിന്റെ ലക്ഷ്യമാണ്.
കെട്ടിട സമുച്ചയത്തിന് അകത്തും പുറത്തുമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇവ സഹായിക്കും. ഒറ്റ വരിയായി നീണ്ടു കിടക്കുന്ന രീതിയിലാകും തുരങ്കങ്ങള്‍ നിര്‍മിക്കുക. ഗോള്‍ഫ് കാര്‍ട്ടുകളില്‍ കയറി സുഗമമായി പാര്‍ലമെന്റില്‍ എത്തിച്ചേരാം. ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം 971 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന 64,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022ല്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ.
പത്തോളം ഓഫിസ് സമുച്ചയങ്ങളിലായി 51 കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ 51,000 ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗര്‍ഭ മെട്രോ പാതയും ഒരുക്കും. പുതിയ മന്ദിരത്തില്‍ ലോക്‌സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടമൊരുക്കും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാര്‍ ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.