2021 January 24 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പശ്ചിമഘട്ടത്തില്‍നിന്ന് പുതിയൊരു സസ്യം കൂടി

കല്‍പ്പറ്റ: ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച പശ്ചിമഘട്ടത്തിലെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. ലോക സസ്യ സമ്പത്തിലേക്ക് പുതിയൊരു സസ്യത്തെ കൂടി സംഭാവന ചെയ്താണ് പൈതൃകപട്ടികയിലെ സ്ഥാനം പശ്ചിമഘട്ടം ഊട്ടിയുറപ്പിക്കുന്നത്. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ വയനാട് ജില്ലയിലെ കാട്ടിമട്ടം ചോലവനത്തോട് ചേര്‍ന്ന് കിടക്കുന്ന തൊള്ളായിരം മേഖലയില്‍ നിന്നാണ് പുതിയ സസ്യത്തിന്റെ വരവ്.

ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നതും അതീവ സുന്ദരമായ പൂക്കള്‍ വിരിയിക്കുന്നതുമായ സൊണറില്ല ജനുസില്‍പ്പെടുന്ന പുതിയയിനം സസ്യത്തെയാണ് ഗവേഷകര്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിരീക്ഷണത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയ ചെടിക്ക് സൊണറില്ല സുല്‍ഫി എന്ന് നാമകരണം ചെയ്തു. സ്വര്‍ണയില എന്നറിയപ്പെടുന്ന ഈ ജനുസിലെ സസ്യങ്ങളുടെ ഉത്ഭവ സ്ഥാനമായാണ് പശ്ചിമഘട്ടത്തെ കണക്കാക്കുന്നത്. ലോകത്താകെ ഈയിനത്തില്‍ 183ല്‍ പരം സസ്യങ്ങളാണുള്ളത്.

ഈ വിഭാഗത്തില്‍പ്പെടുന്ന ഇതര സസ്യങ്ങളില്‍ നിന്നും വിഭിന്നമായി ശാഖകളായി പിരിയുന്ന പൂങ്കുല ഇവയെ വ്യത്യസ്തമാക്കുന്നുണ്ട്. മഴക്കാലങ്ങളില്‍ അരുവികളോട് ചേര്‍ന്ന് കിടക്കുന്ന പാറകെട്ടുകളില്‍ പറ്റി വളരുന്ന ഇവയ്ക്ക് മാംസളമായ കിഴങ്ങും അതിമനോഹരമായ ഇലകളും പൂക്കളും ഉണ്ടാവും. നാല് മാസത്തോളമാണ് ആയുര്‍ദൈര്‍ഘ്യം. ഈ മേഖലയിലാകെ 55 സസ്യങ്ങളെ മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂവെന്നതിനാല്‍ അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ ഗണത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സഊദി അറേബ്യയിലെ പ്രിന്‍സ് സത്തം ബിന്‍ അബ്ദുല്‍ അസിസ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. എം.എം സുല്‍ഫിയോടുള്ള ആദരവായാണ് ഈ സസ്യത്തിന് സൊണറില്ലാ സുല്‍ഫി എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ഈ ശാസ്ത്ര കണ്ടെത്തലിന് പിന്നില്‍ വയനാട്ടിലെ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ പരിസ്ഥിതി പ്രവര്‍ത്തകനായ പിച്ചന്‍ എം സലിം, ആലപ്പുഴ സനാതന ധര്‍മ കോളജിലെ സസ്യശാസ്ത്ര അധ്യാപകനായ ഡോ. ജോസ് മാത്യു, തൃശ്ശൂര്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് സെന്ററിലെ ഡോ. ഹൃതിക് തുടങ്ങിയവരാണ്. കണ്ടെത്തല്‍ സംബഡിച്ച ശാസ്ത്ര പ്രബന്ധം അന്താരാഷ്ട്ര സയന്റിഫിക് ജേര്‍ണലായ ഫൈറ്റോ ടാക്‌സയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.