2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അന്ന് പോപ്പുലര്‍ ഫ്രണ്ടിന് ഓശാന : ഇന്ന് ക്രൈസ്തവ സഭകളിലെ തീവ്ര ആശയക്കാര്‍ക്ക് നേതാവ്, പി.സി ജോര്‍ജിന്റെ അവസരവാദ രാഷ്ട്രീയം തുറന്ന കാട്ടപ്പെടുന്നു

സ്വന്തം ലേഖകന്‍

കോഴിക്കോട് : വോട്ടിനും ചുളുവില്‍ ജനപിന്തുണ നേടാനുമായി നിലപാടില്‍ മായം ചേര്‍ക്കാന്‍ പി.സി ജോര്‍ജിനോളം പോന്ന നേതാവ് രാഷ്ട്രീയ രംഗത്ത് തന്നെ അപൂര്‍വമായിരിക്കും.പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികള്‍ പോയി അവരുടെ ആശയാദര്‍ശങ്ങളെ വാനോളം പുകഴ്ത്തിയ ജോര്‍ജിന് ഇന്ന് ക്രൈസ്തവസഭകളിലെ തീവ്രവര്‍ഗീയവാദികളുടെ മുന്നണിപ്പോരാളിയായി മാറാന്‍ കഴിയുന്നത് അവസരവാദ രാഷ്ട്രീയത്തിന്റെ മെയ് വഴക്കം കൊണ്ടാണ്.എസ്.ഡി.പി.ഐയെയുടെ വിമര്‍ശകന്‍ ചമയുന്ന പി.സി ജോര്‍ജ് ഒരു കാലത്ത് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ പോലും ന്യായീകരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ ന്യായീകരിക്കുന്ന അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുകയാണ്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളുടെ പിന്തുണയിലാണ് പൂഞ്ഞാറില്‍ ജോര്‍ജ് വിജയിച്ചിരുന്നത്. അന്ന് എസ്.ഡി.പി.ഐയുടെ നയങ്ങളെ അടിമുടി പിന്തുണച്ച ജോര്‍ജ് ഇപ്പോള്‍ അവരെ തീവ്രവാദ ആശയക്കാരാണെന്നാണ് ആക്ഷേപിക്കുന്നത്. എസ്.ഡി.പി.ഐയെ പേടിച്ചാണ് മുഖ്യമന്ത്രി പാലാ ബിഷപ്പിനെ വിമര്‍ശിച്ചതെന്ന് വരെ ജോര്‍ജ് പറഞ്ഞു വയ്ക്കുന്നു. രാഷ്ട്രീയ നിലപാടുകള്‍ പലവട്ടം മാറ്റിപ്പറയാറുള്ള ജോര്‍ജിന്റെ തനിനിറം തുറന്ന് കാട്ടപ്പെടുകയാണ്.
എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ടുകള്‍ ചോര്‍ത്തി 2016ലെ തെരഞ്ഞെടുപ്പ് കടന്ന് കൂടിയ ജോര്‍ജ് 2021ല്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാതെ തരമില്ലെന്ന് തിരിച്ചറിഞ്ഞു. ഇതോടെ യു.ഡി.എഫിലും എല്‍.ഡി.എഫിലും കയറിപ്പറ്റാനായി പല വാതിലുകള്‍ മുട്ടി. പലയിടങ്ങളിലും കയറിയിറങ്ങിയ ജോര്‍ജിനെ ആരും പരിഗണിച്ചില്ല. താനുള്‍പ്പെടുന്ന മുന്നണികളെയും സഖ്യകക്ഷികളെയും കുതികാല്‍ വെട്ടുന്ന ശീലമാണ് ജോര്‍ജിനെ തീണ്ടാപ്പാടകലെ നിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങളെ പ്രേരിപ്പിച്ചത്. പ്രധാന മുന്നണികള്‍ കൈയ്യൊഴിഞ്ഞതോടെ അവസാന ആശ്രയം ബി.ജെ.പി കൂടാരമായിരുന്നു. കേരളത്തില്‍ വേരിറക്കാന്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണക്കായി മാര്‍ഗങ്ങള്‍ തേടി നടന്ന ബി.ജെ.പി , ജോര്‍ജിനെ സര്‍വാത്മനാ സ്വാഗതം ചെയ്തു. സംഘപരിവാറിനോടും അവരുടെ ആശയങ്ങളോടും കൂറു കാട്ടാന്‍ പിന്നെ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കാന്‍ തുടങ്ങി. താനടങ്ങുന്ന ക്രൈസ്തവ സഭകളെയും സംഘപരിവാറിന്റെ ആലയില്‍ കെട്ടാനുള്ള ജോര്‍ജിന്റെ നീക്കം പക്ഷേ, കാര്യമായി വിജയിച്ചില്ല. സ്ഥാപിത താല്‍പര്യക്കാരായ ചുരുക്കം ചില സഭാധ്യക്ഷന്മാരൊഴികെ ആരും തന്നെ സംഘപരിവാറിനോട് ചേരാന്‍ കൂട്ടാക്കിയില്ല.

 

ശബരിമലയിലെ വിശ്വാസി പ്രശ്‌നത്തില്‍ സംഘപരിവാറിനേക്കാള്‍ ഉശിരോടെ ഉറഞ്ഞ് തുള്ളിയ ജോര്‍ജ് 2019ലെ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് , സ്വന്തം തട്ടകത്തില്‍ നിന്ന് മരുന്നിന് പോലും വോട്ട് നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ സ്വന്തം നാട്ടിലെ തന്റെ ‘ജനപിന്തുണ’ തിരിച്ചറിഞ്ഞ ജോര്‍ജ് വീണ്ടും യു.ഡി.എഫ് -എല്‍.ഡി.എഫ് നേതൃത്വങ്ങള്‍ക്ക് പിന്നാലെ കൂടിയെങ്കിലും മുന്നണികളിലെ പ്രധാന നേതാക്കള്‍ തന്നെ എതിര്‍ത്തു. ഇതോടെ 2021 നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരിക്കല്‍ കൂടി സംഘപരിവാര്‍ കൂടാരം കയറുന്നത് പൂഞ്ഞാറില്‍ തിരിച്ചടിയാകുമെന്ന് കണ്ട് തനിച്ച് നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതോടെയാണ് ജോര്‍ജ് , മുസ്‌ലിം സമുദായത്തിനെതിരായ വ്യാജപ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.പ്രധാനമായും എസ്.ഡി.പി.ഐയെ ചാരിയാണ് അപവാദ പ്രചാരണങ്ങളെങ്കിലും ലക്ഷ്യം മുസ്‌ലിം വിരോധം പറഞ്ഞ് ക്രൈസ്തവ വിശ്വാസികളുടെ പിന്തുണ ഏകീകരിക്കലാണ് ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളടക്കം കൈവിട്ടതാണ് പരാജയം രൂക്ഷമാക്കിയത്. അത് കണ്ടറിഞ്ഞാണ് , കാര്യസാധ്യത്തിനായി ഏതടവും പയറ്റുന്ന പി.സി ജോര്‍ജെന്ന അവസരവാദ രാഷ്ട്രീയക്കാരന്‍ പുതിയ കുതന്ത്രങ്ങളുമായി കളം നിറയാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസൃതമായി തന്റെ നിലപാടുകള്‍ തരാതരം പോലെ മാറ്റുന്ന ജോര്‍ജ് ആര്‍ക്കെതിരെയും എന്തും എപ്പോഴും വിളിച്ചു പറയും , വലിയ ഇടവേളകളൊന്നുമില്ലാതെ തന്നെ അവയൊക്കെ വിഴുങ്ങി അനുകൂലിക്കാനും മടിയുണ്ടാകില്ല.
മാറുന്ന സാമൂഹികാന്തരീക്ഷത്തില്‍ ജോര്‍ജിനെ പോലുള്ള രാഷ്ട്രീയക്കാരുടെ കുളം കലക്കല്‍ എന്ത് ഫലമാണുളവാക്കുകയെന്നത് കാത്തിരുന്നു കാണേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.