2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്ലാറ്റിനം ജൂബിലി ആവേശത്തിന് പിന്നാലെ കമ്മിറ്റി പ്രഖ്യാപനം


ഇ.പി മുഹമ്മദ്


കോഴിക്കോട് • ചെന്നൈയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ആവേശത്തിന് പിന്നാലെ സംസ്ഥാനത്ത് ഭാരവാഹികളെ പ്രഖ്യാപിക്കാനായതിന്റെ ആശ്വാസത്തിലാണ് മുസ് ലിം ലീഗ് നേതൃത്വം. ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വലിയ ദൗത്യവുമായാണ് പുതിയ കമ്മിറ്റി പ്രവര്‍ത്തനരംഗത്തേക്ക് ഇറങ്ങുന്നത്. മെംബര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ശാഖാതലം മുതല്‍ കമ്മിറ്റികള്‍ സമയബന്ധിതമായി രൂപീകരിച്ചാണ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തത്.


ദേശീയതലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാനും പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കാനുമുള്ള നിര്‍ണായക തീരുമാനം കൈക്കൊണ്ടാണ് പ്ലാറ്റിനം ജൂബിലി സമ്മേളനം സമാപിച്ചത്. ഈ നീക്കങ്ങള്‍ വിജയത്തിലെത്തണമെങ്കില്‍ പാര്‍ട്ടിക്ക് ഏറ്റവും അടിത്തറയും ശക്തിയുമുള്ള കേരളത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ട്.
കേരളത്തിലെ രണ്ട് ലോക്‌സഭ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയവും ലീഗിന്റെ ഉത്തരവാദിത്തമാണ്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വരികയാണ്. യു.ഡി.എഫിനെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ മുസ് ലിം ലീഗിന് നിര്‍ണായക സ്ഥാനമാണുള്ളത്. കോൺഗ്രസിലെ വിഭാഗീയത മൂർച്ഛിക്കുന്ന ഘട്ടങ്ങളിലൊക്കെ ലീഗിന്റെ ഇടപെടൽ പ്രശ്നപരിഹാരത്തിലേക്ക് നയിക്കാറുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടുപേരുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സാദിഖലി തങ്ങള്‍ ജില്ലാ പ്രസിഡന്റ്, ജന. സെക്രട്ടറിമാരെ വിളിച്ചുവരുത്തി അഭിപ്രായം ആരാഞ്ഞിരുന്നു. ഒടുവില്‍ പി.എം.എ സലാമിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് മറ്റു പേരുകള്‍ പരിഗണനയില്‍ വന്നെങ്കിലും സി.ടി അഹമ്മദലിക്ക് തന്നെ നറുക്ക് വീണു.


നിലവിലെ കമ്മിറ്റിയിലെ പ്രവര്‍ത്തന മികവുള്ളവരെ നിലനിര്‍ത്തിയപ്പോള്‍ പുതുമുഖങ്ങൾക്കും ഇടം നൽകി. സംസ്ഥാന സെക്രട്ടറിയേറ്റിൽ മൂന്ന് വനിതകളെ സ്ഥിരം ക്ഷണിതാക്കളായും ഉൾപ്പെടുത്തി. ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നപ്പോൾ ഉയർന്ന പരാതികൾ പരിഹരിക്കാൻ ചിലരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.