
റിയാദ്: വന്ദേ ഭാരത് മിഷനിൽ അടിയന്തിര സാഹചര്യത്തിൽ ഉള്ള പ്രവാസികളെ കൊണ്ട് പോകുന്നതിനുള്ള വിമാന സർവീസുകളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. സഊദിയിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് 20 വിമാന സർവീസുകളാണ് പുതിയ ലിസ്റ്റിൽ ഇടം നേടിയത്. ഇതിൽ 11 എണ്ണം കേരളത്തിലെ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ളതും ചിലത് കേരളത്തിലെ വിമാനത്താവളം വഴി വിവിധ സംസ്ഥാനങ്ങളിലേക്കുമുള്ള കണക്ഷൻ വിമാനങ്ങളുമാണ്. സഊദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് കോഴിക്കോട് സെക്റ്ററിലേക്ക് മൂന്ന് സർവ്വീസുകളും കണ്ണൂരിലേക്ക് രണ്ടും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മൂന്നും സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ ഇടം നേടിയത്.
റിയാദ്-കോഴിക്കോട്-മുംബൈ, ദമാം-കണ്ണൂർ-മുംബൈ, ജിദ്ദ-കൊച്ചി മുംബൈ എന്നീ വിമാനങ്ങൾ ജൂൺ പത്തിനാണ് പുറപ്പെടുക. ജൂൺ 11 ന് ദമാം-കൊച്ചി-മുംബൈ, റിയാദ്-കണ്ണൂർ-മുംബൈ, ജിദ്ദ- കോഴിക്കോട്-ബംഗളുരു വിമാനങ്ങളും, ജൂൺ 12 ന് ജിദ്ദ-തിരുവനന്തപുരം-മുംബൈ, ജൂൺ 13 ന് റിയാദ്-തിരുവനന്തപുരം-മുംബൈ, ദമാം-കോഴിക്കോട്-ഹൈദരാബാദ്, 14 ന് റിയാദ്-കൊച്ചി-മുംബൈ, 25 ന് ദമാം-തിരുവനന്തപുരം-മുംബൈ എന്നീ വിമാനങ്ങളാണ് കേരളത്തിലേക്ക് ഇടം നേടിയത്. കൂടാതെ, റിയാദ്-ഡൽഹി, ദമാം-ബംഗളുരു, റിയാദ്-ഹൈദരാബാദ്, ജിദ്ദ-ബംഗളുരു, ദമാം-ഡൽഹി, ജിദ്ദ-ഹൈദരാബാദ്, റിയാദ്-ബംഗളുരു, ജിദ്ദ-ഡൽഹി, ദമാം-ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വിമാന സർവ്വീസുകൾ എംബസിയുടെ നേതൃത്വത്തിൽ ഉണ്ടാകും.
Embassy Press Release on the ongoing Vande Bharat Mission#VandeBharatMission pic.twitter.com/SjSLj6uDxe
— India in SaudiArabia (@IndianEmbRiyadh) June 2, 2020
ഇതിനകം വന്ദേ ഭാരത് മിഷനിൽ 19 വിമാനങ്ങൾ സഊദിയിൽ നിന്നും പുറപ്പെട്ടതായും ഇതിൽ മുവ്വായിരത്തിലധികം ഇന്ത്യക്കാർ നാടുകളിൽ എത്തിച്ചേർന്നതായും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. അടിയന്തിര മെഡിക്കൽ ആവശ്യക്കാർ, ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞവർ ഉൾപ്പെടെ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ മുൻഗണന നോക്കിയാണ് യാത്രാനുമതി നൽകുന്നത്. എന്നാൽ, പല സർവ്വീസുകളികും ഈ മുൻഗണന സംവിധാനം താളം തെറ്റിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.