2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പുതിയ വിദ്യാഭ്യാസ നയം ആര്‍.എസ്.എസിന്റെ നയരേഖയോ?


 

നിലവിലെ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരുത്തിക്കൊണ്ട് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. മാനവവിഭവ ശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നതും അങ്കണവാടി, പ്രീ സ്‌കൂള്‍ പഠനം മൂന്ന് വര്‍ഷമാക്കുന്നതും പന്ത്രണ്ട് വര്‍ഷത്തെ സ്‌കൂള്‍ പഠനവും പുതിയ വിദ്യാഭ്യാസ നയത്തിലെ പരിഷ്‌കരണ നിര്‍ദേശങ്ങളാണ്. അതോടൊപ്പം തന്നെ ഡിഗ്രിക്കൊപ്പമുള്ള ബി.എഡ് പഠനത്തിന് നാല് വര്‍ഷം, യു.ജി.സിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ കെ. കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
2017ല്‍ സമര്‍പ്പിച്ച കരട് രേഖയില്‍ ഹിന്ദി നിര്‍ബന്ധമായും പഠിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങള്‍ രാജ്യമൊട്ടുക്കും അന്നു നടന്നിരുന്നു. ഇപ്പോഴത്തെ നിര്‍ദേശങ്ങളില്‍ ഹിന്ദിയെക്കുറിച്ച് മൗനം പാലിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള പഠനത്തിന് പ്രാദേശിക മാതൃഭാഷ ഉപയോഗിക്കാമെന്ന് പറയുന്നുണ്ട്.
എന്നാല്‍, ഇതൊന്നുമല്ല ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം. ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കുമെന്നതും മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കാന്‍ ‘പരാഖ് ‘ എന്ന പേരില്‍ ദേശീയ മൂല്യനിര്‍ണയ കേന്ദ്രം സ്ഥാപിക്കുമെന്നുമുള്ളത് പ്രതിലോമകരമാണ്. ഇത് ആര്‍.എസ്.എസിന്റെ നിര്‍ദേശങ്ങളാണോ എന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് 2017 ജൂണില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. കെ. കസ്തൂരി രംഗന്‍ ചെയര്‍മാനായ സമിതി രൂപീകരിച്ചത്. 2018ല്‍ സമിതി കരട് രൂപം സമര്‍പ്പിച്ചു അതിനെതിരേ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ‘കരട് ദേശീയ വിദ്യാഭ്യാസ നയം 2019’ രേഖ പൊതുസമൂഹ അഭിപ്രായങ്ങള്‍ക്കായി പുറത്തുവിട്ടു. ചില നിര്‍ദേശങ്ങള്‍ സ്വീകരിച്ചും എന്നാല്‍, കസ്തൂരി രംഗന്‍ കരട് രേഖയില്‍നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താതെയുമാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് അംഗീകരിച്ചത്. കരട് രേഖയില്‍ കാണാത്ത പലതും അന്തിമ നയരേഖയില്‍ പ്രത്യക്ഷപ്പെടാം. അതിനാല്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം ആശങ്കയുളവാക്കുന്നത്.
ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസമാണ് പുതിയ ദേശീയ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കമെങ്കില്‍, വിദ്യാഭ്യാസ മേഖലയില്‍ വരാന്‍ പോകുന്ന ഹിന്ദുത്വവല്‍ക്കരണത്തിന്റെ മുന്നോടിയായി വേണം ഇപ്പോഴത്തെ രേഖയെ കാണാന്‍. പാഠ്യപദ്ധതികളില്‍നിന്ന് മതേതരത്വവും ജനാധിപത്യവും ചരിത്ര പാഠങ്ങളും നിഷ്‌കാസനം ചെയ്യാനുള്ള നിര്‍ദേശങ്ങളുടെ കേന്ദ്രമായിരിക്കും ഗവേഷണം പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന ആരംഭിക്കുന്ന നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷനെന്ന് കരുതേണ്ടിയിരിക്കുന്നു. പുതിയ വിദ്യാഭ്യാസ നയരേഖയില്‍ ഒരിടത്തും മതേതരത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും പറയുന്നില്ല എന്നതു തന്നെയാണ് ഈ ആശങ്കക്ക് അടിസ്ഥാനം. നവ ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ചേരുവകള്‍ ഈ രേഖയിലും മുഴച്ചു നില്‍ക്കുന്നുണ്ട്. ‘ദേശീയ സംസ്‌കാരം’ എന്ന് അടിക്കടി പറഞ്ഞു കൊണ്ടിരിക്കുന്ന ആര്‍.എസ്.എസിന്റെ നയരേഖ തന്നെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. പുരാതന കാലത്ത് തക്ഷശിലയിലും നളന്ദയിലും നിലനിന്നിരുന്നുവെന്ന് കരുതുന്ന ഏതോ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്ര പഠനവും സാമൂഹിക ശാസ്ത്ര പഠനവും മാനവിക വിഷയങ്ങളും ക്രമപ്പെടുത്തുക എന്ന സമിതി നിര്‍ദേശം, ഗവേഷണം പ്രോത്സാഹിപ്പിക്കാനെന്ന മട്ടില്‍ നാഷനല്‍ റിസര്‍ച് ഫൗണ്ടേഷന്റെ കീഴില്‍ കൊണ്ടുവരാന്‍ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു.
ഉദാരത എന്നര്‍ഥം വയ്ക്കുന്ന ലിബറല്‍ പദവും സ്വയംഭരണത്തിനായി ഉപയോഗിക്കുന്ന ഓട്ടോണമി പദവും പുതിയ വിദ്യാഭ്യാസ നയത്തില്‍ യഥേഷ്ടം ഉപയോഗിക്കുന്നത് രണ്ട് ലക്ഷ്യങ്ങള്‍ നേടാനാണ്. വിദ്യാഭ്യാസത്തിലെ ഹിന്ദുത്വവല്‍ക്കരണത്തിനും കോര്‍പറേറ്റുകള്‍ക്ക് ഓട്ടോണമിയുടെ പേരില്‍ ഉന്നത വിദ്യാഭ്യാസ കച്ചവടത്തിന് അവസരം നല്‍കുന്നതിനുമാണ്. ഇതിലൂടെ പണമുള്ളവന് മാത്രം പഠിക്കാന്‍ കഴിയുന്ന ഒരു കാലമായിരിക്കും വരാന്‍ പോവുക. കനത്ത ഫീസ് നല്‍കി പഠിക്കാന്‍ കഴിയാത്ത നിര്‍ധനര്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരവസ്ഥയായിരിക്കും സംജാതമാവുക.
ബ്രാഹ്മണ്യ വിദ്യാഭ്യാസ വ്യവസ്ഥയെ തിരികെ കൊണ്ടുവരാനുള്ളതാണ് കെ. കസ്തൂരി രംഗന്റെ പേരിലുള്ള പുതിയ വിദ്യാഭ്യാസനയമെന്ന് കരുതുന്നതില്‍ തെറ്റുണ്ടാകുമെന്ന് തോന്നുന്നില്ല. സംവരണം എന്ന വാക്ക് എവിടെയും ഈ രേഖയില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വരുന്ന കോര്‍പറേറ്റുകളെ സുഖിപ്പിക്കാനായിരിക്കണം ഇത്തരമൊരു തീരുമാനം. നവ ലിബറല്‍ സാമ്പത്തിക നയത്തോടും ബ്രാഹ്മണ്യ വിദ്യാഭ്യാസ രീതിയോടും ചേര്‍ന്നു പോകുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അത്യന്തം പ്രതിലോമകരവും രാജ്യത്തെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തിരികെ കൊണ്ടുപോകുന്നതുമാണ്.
സ്വയംഭരണം എന്ന് ഉപയോഗിക്കുന്നതിലൂടെ ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉന്മൂലനം ചെയ്യുന്നതാണ് ഈ റിപ്പോര്‍ട്ട്. ഏകശിലാരൂപമായ ഈ വിദ്യാഭ്യാസ നയത്തെ ചെറുത്ത് തോല്‍പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ വിദ്യാഭ്യാസ നയം പ്രാവര്‍ത്തികമാകുകയാണെങ്കില്‍ കൂടുതല്‍ സങ്കുചിതത്വവും വര്‍ഗീയവുമായ ഒരു നിലപാടായിരിക്കും വരും കാലങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുക. കൊവിഡിന്റെ മറവില്‍ വരേണ്യവര്‍ഗത്തിന്റ മാത്രം കാഴ്ചപ്പാടില്‍ നിര്‍മിക്കപ്പെട്ട പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ ശക്തമായ പ്രതിഷേധ സമരങ്ങളാണ് ഉയര്‍ന്നു വരേണ്ടത്. അല്ലാത്തപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു കീഴടങ്ങലായി ഈ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ചരിത്രം രേഖപ്പെടുത്തും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.