പാര്‍ലമെന്റ് മാറിയതായി സ്പീക്കര്‍ വിജ്ഞാപനമിറക്കി
ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് കെട്ടിടത്തിലെ അവസാന സമ്മേളനം ഇന്നലെ അവസാനിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ എം.പിമാര്‍ പഴയ മന്ദിരത്തിലെ ഓര്‍മകള്‍ പങ്കുവച്ചു. ഇന്നാണ് വിടപറയല്‍ ചടങ്ങ്.
പാര്‍ലമെന്റ് മന്ദിരം മാറിയതായി സ്പീക്കര്‍ വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഇനി മുതല്‍ പുതിയ മന്ദിരം പാര്‍ലമെന്റ് മന്ദിരമായി അറിയപ്പെടുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
9.30 ന് പഴയ മന്ദിരത്തില്‍ എം.പിമാര്‍ ഒരിക്കല്‍ക്കൂടി ഒത്തുകൂടും. ലോക്‌സഭയിലേയും രാജ്യസഭയിലേയും എല്ലാ അംഗങ്ങളും പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രത്യേകം ഒത്തു കൂടി ഗ്രൂപ്പ് ഫോട്ടോ എടുക്കും. 11 മണിയോടെ സെന്‍ട്രല്‍ഹാളില്‍ വിടപറയല്‍ ചടങ്ങ്. തുടര്‍ന്ന് അംഗങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കും.
പുതിയ മന്ദിരത്തില്‍ ലോക്‌സഭാ സമ്മേളനം 1.15നും രാജ്യസഭാ സമ്മേളനം 2.15നും ആരംഭിക്കും. അതിനുമുമ്പ് മറ്റുചടങ്ങുകളുണ്ടാകും. ഫോട്ടോ ചടങ്ങ് മുതല്‍ എല്ലാ അംഗങ്ങളും സന്നിഹിതരാകണമെന്ന് സെക്രട്ടറി ജനറല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിനായി പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. പുതിയ മന്ദിരത്തിലും ഫോട്ടോയെടുക്കല്‍ ചടങ്ങുകളുണ്ടാകും. ഇന്നലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള പത്ത് വനിതാ എം.പിമാര്‍ പഴയ പാര്‍ലമെന്റ് കെട്ടിടവുമായുള്ള തങ്ങളുടെ ഓര്‍മകളും അനുഭവങ്ങളും നിറഞ്ഞ കൈയെഴുത്ത് കുറിപ്പുകള്‍ പങ്കുവച്ചു.
പുതിയ കെട്ടിടത്തില്‍ ചേരുന്ന മൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ടതടക്കമുള്ള എട്ടു ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
#WATCH | Delhi | Preparations underway at the Parliament building for the Central Hall programme today.
— ANI (@ANI) September 19, 2023
A function to 'commemorate the rich legacy of the Parliament of India and resolve to make Bharat a developed Nation by 2047' will be held at 11 a.m. today here, in the… pic.twitter.com/Bcj3rOdmKy
വനിതാ സംവരണ ബില്‍ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കം വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ബില്ലുകള്‍ വോട്ടിനിടുകയും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുകയും ചെയ്യുന്ന പഴയ പാര്‍ലമെന്റാണ് തങ്ങള്‍ക്ക് വേണ്ടെതെന്ന് ഇന്നലെ രാജ്യസഭയില്‍ സംസാരിക്കവെ തൃണമൂല്‍ അംഗം ഡെറക് ഒബ്രയാന്‍ പറഞ്ഞു.
പാര്‍ലമെന്ററി ജനാധിപത്യം മെച്ചപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ എടുത്തു പറഞ്ഞായിരുന്നു ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് ആദിര്‍ ചൗധരിയുടെ പ്രസംഗം. കശ്മിരില്‍ ഇപ്പോഴും നമ്മുടെ സൈനികര്‍ വീരമൃത്യുവരിക്കുകയാണെന്നതില്‍ നിന്ന് 370ാം വകുപ്പ് എടുത്തു കളഞ്ഞതിനെ എതിര്‍ത്ത പ്രതിപക്ഷ നിലപാട് ശരിയാണെന്ന് വ്യക്തമായെന്നും ചൗധരി പറഞ്ഞു.
ശക്തരായ പ്രതിപക്ഷത്തെ സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് ദുര്‍ബലമാക്കാനാണ് കഴിഞ്ഞ കാലങ്ങളില്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രത്യേക സമ്മേളനത്തിന് പ്രത്യേകതയൊന്നും ഇതുവരെ കണ്ടെത്താനായില്ലെന്ന് ഡി.എം.കെയുടെ ടി.ആര്‍ ബാലു പറഞ്ഞു. നിരവധി അംഗങ്ങള്‍ ഓര്‍മകള്‍ പങ്കുവച്ചു.
പുതിയ കെട്ടിടത്തില്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുണ്ടാകാം. എന്നാല്‍ ചരിത്രവും ഓര്‍മകളുമുള്ള പഴയ കെട്ടിടത്തോട് വിടപറയേണ്ടി വരുന്നത് വേദനിപ്പിക്കുന്ന നിമിഷമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
Comments are closed for this post.