2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നെറ്റ് പരീക്ഷയും കേരള സര്‍വകലാശാല പി.ജി പരീക്ഷയും ഒരേ ദിവസം; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

ഫസീല മൊയ്തു

കോഴിക്കോട്: യു.ജി.സി നെറ്റ് പരീക്ഷാതീയതികള്‍ പരിഗണിക്കാതെ കേരള സര്‍വകലാശാല ബിരുദാനന്തര ബിരുദ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ നിശ്ചയിച്ചതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ദേശീയതലത്തില്‍ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷ ഈ മാസം 20 മുതല്‍ 30വരെ നടക്കുമെന്നാണ് യു.ജി.സി അറിയിച്ചിട്ടുള്ളത്. എന്നാല്‍ 14 മുതല്‍ കേരള സര്‍വകലാശാലയുടെ പി.ജി രണ്ടാം സെമസ്റ്റര്‍ പരീക്ഷകളും നിശ്ചയിച്ചതിനാല്‍ ഇത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി.
മാസങ്ങളുടെ തയാറെടുപ്പുകള്‍ക്കുശേഷമാണ് വിദ്യാര്‍ഥികള്‍ നെറ്റ് പരീക്ഷ എഴുതുന്നത്. അതിനിടയില്‍ പി.ജി പരീക്ഷ വരുന്നതോടെ നെറ്റ് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
നൂറുകണക്കിന് പി.ജി വിദ്യാര്‍ഥികളാണ് 64 വിഷയങ്ങളിലായുള്ള നെറ്റ് പരീക്ഷ എഴുതുന്നത്. എന്നാല്‍ അതേ ദിവസങ്ങളില്‍ തന്നെ പി.ജി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ തീയതികള്‍ നിശ്ചയിച്ചത് വിദ്യാര്‍ഥികളെ വെട്ടിലാക്കിയിരിക്കുകയാണ്. സാധാരണഗതിയില്‍ ദേശീയതലത്തില്‍ നടത്തപ്പെടുന്ന നെറ്റ് പരീക്ഷ പരിഗണിച്ചാണ് സര്‍വകലാശാലകള്‍ പി.ജി പരീക്ഷാതീയതികള്‍ നിശ്ചയിക്കാറുള്ളത്.
നെറ്റ് യോഗ്യത നേടി രണ്ടു വര്‍ഷത്തിനുള്ളില്‍ പി.ജി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍മതി എന്നതിനാല്‍ വിദ്യാര്‍ഥികള്‍ പി.ജിക്കൊപ്പം നെറ്റിനും തയാറെടുക്കാറുണ്ട്. ഈ വിദ്യാര്‍ഥികള്‍ക്ക് നെറ്റ് പരീക്ഷ എഴുതാനുള്ള സാധ്യതയാണ് കേരള സര്‍വകലാശാലയുടെ നിരുത്തരവാദപരമായ സമീപനങ്ങള്‍ കൊണ്ട് ഇല്ലാതാവുന്നത്. ഒരു മാസം മുമ്പ് തന്നെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി യു.ജി.സി നെറ്റ് തീയതികള്‍ പ്രസിദ്ധീകരിക്കാറുണ്ട്.പരീക്ഷാ തീയതികള്‍ ഒരേ ദിവസം പ്രഖ്യാപിച്ചതിനാല്‍ പതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നിട്ടുണ്ട്. പി.ജി രണ്ടാം സെമസ്റ്റര്‍ പരീക്ഷാതീയതികള്‍ പുനഃക്രമീകരിച്ച് നെറ്റ് പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, ജൂലൈയില്‍ നടക്കാനിരുന്ന നെറ്റ് പരീക്ഷയുടെ പകുതി വിഷയങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഓഗസ്റ്റ് 12,13,14 തിയതികളില്‍ 33 വിഷയങ്ങളില്‍ പരീക്ഷ നടന്നിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.