2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നീറ്റ് നീറ്റാവാന്‍ മറന്നേക്കരുത് ഇക്കാര്യങ്ങള്‍

പി.കെ മുഹമ്മദ് ഹാത്തിഫ്

നീറ്റ് നീറ്റാവാന്‍ മറന്നേക്കരുത് ഇക്കാര്യങ്ങള്‍

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന നീറ്റ് യു.ജി ഞായറാഴ്ചയാണ്. ഉച്ചതിരിഞ്ഞ് രണ്ടു മുതല്‍ 5.20 വരെയാണ് പരീക്ഷ.

ഹാള്‍ടിക്കറ്റ്
അഡ്മിറ്റ് കാര്‍ഡ് neet.nta.nic.in വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കി ഡൗണ്‍ലോഡ് ചെയ്യുക. കളര്‍കോപ്പി എടുക്കണം. പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോള്‍ അപ്‌ലോഡ് ചെയ്ത അതേ ഫോട്ടോയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒന്ന് ഹാള്‍ടിക്കറ്റില്‍ ഒട്ടിക്കണം. ഇതിനു തൊട്ടടുത്തുള്ള വലതു കോളത്തില്‍ ഇടതു തള്ളവിരലടയാളം വ്യക്തമായി പതിക്കുക. തൊട്ടടുത്ത കോളത്തില്‍ വിദ്യാര്‍ഥി ഒപ്പിടുന്നത് പരീക്ഷാകേന്ദ്രത്തിലെത്തി ഇന്‍വിജിലേറ്ററുടെ മുന്നില്‍ വച്ചേ പാടുള്ളൂ. തൊട്ടു താഴെയുള്ള വലിയ ചതുരത്തില്‍ വെള്ള പശ്ചാത്തലമുള്ള പോസ്റ്റ് കാര്‍ഡ് സൈസ് (6’ഃ4′) കളര്‍ ഫോട്ടോ നിര്‍ദേശാനുസരണം ഒട്ടിക്കുക.

പരീക്ഷാകേന്ദ്രത്തില്‍ വിദ്യാര്‍ഥി ഇടതുഭാഗത്തും ഇന്‍വിജിലേറ്റര്‍ വലതുഭാഗത്തുമായി ഈ ഫോട്ടോയില്‍ ഒപ്പിടണം. ഈ ഫോട്ടോയും ഒപ്പും അഡ്മിറ്റ് കാര്‍ഡിന്റെ ഒന്നാം പേജിലേതുമായി പൊരുത്തപ്പെടുമെന്ന് ഇന്‍വിജിലേറ്റര്‍ ഉറപ്പുവരുത്തും. വലിയ ഫോട്ടോയ്ക്കു താഴെ നിര്‍ദിഷ്ടസ്ഥാനങ്ങളില്‍ വിദ്യാര്‍ഥിയും ഇന്‍വിജിലേറ്ററും വീണ്ടും ഒപ്പിടേണ്ടതുണ്ട്. ഇന്‍വിജിലേറ്ററുടെ മുന്നില്‍ വച്ചേ ഇവിടെ വിദ്യാര്‍ഥി ഒപ്പിടാവൂ. ഫോട്ടോയുള്ള ‘സിറ്റി ഇന്റിമേഷന്‍ സ്ലിപ് ‘ ഡൗണ്‍ലോഡ് ചെയ്തവര്‍ അത് അഡ്മിറ്റ് കാര്‍ഡെന്നു തെറ്റിദ്ധരിക്കരുത്. അഡ്മിറ്റ് കാര്‍ഡ് തന്നെ കൊണ്ടുപോകുക.

പരീക്ഷ സമയം
പരീക്ഷ തുടങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ എത്താന്‍ ശ്രദ്ധിക്കുക. 11 മണിക്കു വിദ്യാര്‍ഥികളുടെ ദേഹപരിശോധന തുടങ്ങും. 11.30 മുതല്‍ 1.40 വരെ പരീക്ഷാഹാളില്‍ പ്രവേശിക്കാം. 1.30ന് ഗേറ്റടയ്ക്കും. 1.40 കഴിഞ്ഞു പരീക്ഷാഹാളില്‍ കടത്തില്ല. സീറ്റിലുള്ള വിദ്യാര്‍ഥികളുടെ രേഖകള്‍ 1.40 മുതല്‍ 1.50 വരെ പരിശോധിക്കും. 1.50ന് സിംഗിള്‍ ബെല്‍ അടിക്കുമ്പോള്‍ ടെസ്റ്റ് ബുക്‌ലെറ്റ് കുട്ടികള്‍ക്കു വിതരണം ചെയ്യും. കൃത്യം 2 മണിക്കു പരീക്ഷയെഴുതിത്തുടങ്ങാമെന്ന് ഇന്‍വിജിലേറ്റര്‍ അറിയിക്കും.

കരുതണം പ്രധാന രേഖകള്‍

1.പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച അഡ്മിറ്റ് കാര്‍ഡ്

2.അറ്റന്‍ഡന്‍സ് ഷീറ്റിലൊട്ടിക്കാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷയോടൊപ്പം നല്‍കിയ അതേ ഫോട്ടോ തന്നെ വേണം) (വിദ്യാര്‍ഥിയുടെ ഫോട്ടോയിലോ കൈയൊപ്പിലോ മറ്റോ അപേക്ഷാവേളയില്‍ കിട്ടിയ കണ്‍ഫര്‍മേഷന്‍ പേജിലുള്ളതുമായി വ്യത്യാസമുണ്ടെങ്കില്‍, വിവരം neet@nta.ac.in ഇമെയില്‍ വിലാസത്തില്‍ ഉടനറിയിക്കുക. കിട്ടിയ കാര്‍ഡുമായി പരീക്ഷാകേന്ദ്രത്തില്‍ പോകാം. രേഖകളില്‍ തിരുത്തു പിന്നീടു വന്നുകൊള്ളും. (ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കില്ല). ഹെല്‍പ്‌ലൈന്‍: 011 40759000.

  1. ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍രേഖ (ആധാര്‍/റേഷന്‍ കാര്‍ഡ്/വോട്ടര്‍ ഐഡി/ പാസ്‌പോര്‍ട്ട്/ഡ്രൈവിങ് ലൈസന്‍സ്/പാന്‍ കാര്‍ഡ് ഇവയിലൊരു സര്‍ക്കാര്‍ രേഖ).

പരീക്ഷ ഹാളില്‍ അനുവദിച്ചത്

സുതാര്യമായ വാട്ടര്‍ ബോട്ടില്‍, മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍. പ്രമേഹമുണ്ടെന്ന തെളിവുണ്ടെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങി, അത്യാവശ്യത്തിനു പഴങ്ങള്‍, ഷുഗര്‍ ടാബ്‌ലറ്റ്.
അനുവാദമില്ല
എഴുതിയതോ അച്ചടിച്ചതോ ആയ കടലാസുതുണ്ട്, ജ്യോമെട്രി/പെന്‍സില്‍ ബോക്‌സ്, പ്ലാസ്റ്റിക് കൂട്, പേന, സ്‌കെയില്‍, റൈറ്റിങ് പാഡ്, പെന്‍ഡ്രൈവ്, ഇറേസര്‍ (റബര്‍), കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍, ഇലക്ട്രോണിക് ഉപയുക്തികള്‍, സ്‌കാനര്‍, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, വോലറ്റ്, കൂളിങ് ഗ്ലാസ് (കറുപ്പു കണ്ണട), ഹാന്‍ഡ് ബാഗ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, ബ്രേസ്‌ലറ്റ്, കാമറ, എ.ടി.എം കാര്‍ഡ്, കമ്മലും മൂക്കുത്തിയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍, മറ്റു ലോഹവസ്തുക്കള്‍, ഭക്ഷണസാധനങ്ങള്‍.


ഡ്രസ് കോഡ് ഇങ്ങനെ

നീണ്ട കൈയുള്ളതോ വലിയ ബട്ടണ്‍ പിടിപ്പിച്ചതോ ആയ ഉടുപ്പ് അനുവദിക്കില്ല. ഷൂസ് പാടില്ല. കനംകുറഞ്ഞ ചെരിപ്പാകാം. മതാചാരപ്രകാരമുള്ള (ഹിജാബ്, ബുര്‍ഖ) വിശേഷവസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ പരിശോധനയ്ക്കായി 12ന് എങ്കിലും പരീക്ഷാകേന്ദ്രത്തിലെത്തുക. 1.30ന് പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റടയ്ക്കുമെന്നാണു വ്യവസ്ഥയെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കാതെ മറ്റുള്ളവരും അഡ്മിറ്റ് കാര്‍ഡില്‍ കാണിച്ചിട്ടുള്ള സമയത്ത് എത്തുക. പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ ഉപയോഗിക്കാവുന്ന വസ്തുക്കളില്ലെന്ന് ഉറപ്പാക്കാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയുണ്ടാകും. പെണ്‍കുട്ടികളെ വനിതകള്‍ മാത്രമേ പരിശോധിക്കൂ.

ആണ്‍കുട്ടികള്‍

ലളിതമായ ഹാഫ് ഷര്‍ട്ടുകള്‍, പാന്റ്‌സ്, ചെരുപ്പുകള്‍, വസ്ത്രങ്ങളില്‍ സിപ്, ഒട്ടേറെ പോക്കറ്റുകള്‍, വലിയ ബട്ടണ്‍, എംബ്രോയിഡറി എന്നിവ പാടില്ല. വള്ളിച്ചെരിപ്പേ ധരിക്കാവൂ. സാധാരണ പാന്റ്‌സല്ലാതെ കുര്‍ത്ത പൈജാമ പാടില്ല. കണ്ണ ഉപയോഗിക്കുന്നവര്‍ സുതാര്യമായ ഗ്ലാസേ ഉപയോഗിക്കാവൂ. (കൂളിങ് ഗ്ലാസ് ഉള്‍പ്പെടെയുള്ളവ പാടില്ല).

പെണ്‍കുട്ടികള്‍
ലളിതമായ രീതിയിലുള്ള സല്‍വാര്‍, സാധാരണ പാന്റ്‌സ്. പോക്കറ്റുകളില്ലാത്ത ഇളം നിറത്തിലുള്ള ഹാഫ് കൈ കുപ്പായം ധരിക്കണമെന്നാണ് ചട്ടം. ബുര്‍ഖ, ഹിജാബ് തുടങ്ങിയവ ധരിക്കുന്നവര്‍ക്ക് പ്രത്യേക പരിശോധനയുണ്ടായിരിക്കും. ഹീല്‍ ഇല്ലാത്ത വള്ളിച്ചെരുപ്പ് ഉപയോഗിക്കാം. കണ്ണടയുണ്ടെങ്കില്‍ സുതാര്യമായിരിക്കണം. ഹെയര്‍പിന്‍, ഹെയര്‍ബാന്‍ഡ്, ആഭരണങ്ങള്‍, കാല്‍പാദം പൂര്‍ണമായും മൂടുന്ന ഷൂ അല്ലെങ്കില്‍ പാദരക്ഷ, ഏറെ എംബ്രോയിഡറിവര്‍ക്കുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം.

1.പരീക്ഷാഹാളിലെ വിഡിയോ ചിത്രീകരണത്തിനു മുഖം മറയാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

2.വിദ്യാര്‍ഥികളുടെ സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സൗകര്യം കിട്ടില്ല.

3.ടെസ്റ്റ് ബുക്‌ലെറ്റ്, അറ്റന്‍ഡന്‍സ് ഷീറ്റ്, ഒ.എം.ആര്‍ ഷീറ്റ് എന്നിവയിലെഴുതാനും അടയാളപ്പെടുത്താനുമുള്ള കറുപ്പ് ബോള്‍പേന ഇന്‍വിജിലേറ്റര്‍ തരും.

4.പരീക്ഷയുടെ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഫോട്ടോ പതിച്ച്, മാതാവിന്റെയും പിതാവിന്റെയും പേരെഴുതി, ഇടതു തള്ളവിരലടയാളം പതിച്ച്, സമയം എഴുതി ഒപ്പിടണം.

5.1.50ന് സിംഗിള്‍ ബെല്‍ അടിക്കുമ്പോള്‍ വിതരണം ചെയ്ത ടെസ്റ്റ് ബുക്‌ലെറ്റിലെ പേപ്പര്‍ സീല്‍ തുറക്കരുത്. ഡബിള്‍ ബെല്‍ കേട്ട്, ഇന്‍വിജിലേറ്റര്‍ പറയുമ്പോള്‍ മാത്രം സീല്‍ പൊട്ടിച്ച് ടെസ്റ്റ് ബുക്‌ലെറ്റ് പുറത്തെടുക്കാം. ബുക്‌ലെറ്റിന്റെ കവര്‍പേജില്‍ വിവരങ്ങള്‍ ചേര്‍ത്ത് കാത്തിരിക്കുക. ഇന്‍വിജിലേറ്ററുടെ നിര്‍ദേശപ്രകാരം ഇതു തുറക്കാം.

6.ടെസ്റ്റ് ബുക്‌ലെറ്റ് കവറിന്റെ സീല്‍ പൊട്ടിക്കാതെതന്നെ അതിനുള്ളിലെ ഒ.എം.ആര്‍ ആന്‍സര്‍ ഷീറ്റ് പുറത്തെടുത്ത് വിവരങ്ങള്‍ ചേര്‍ക്കാം.

7.ഒറിജിനല്‍, ഓഫിസ് കോപ്പി എന്ന് ഒ.എം.ആറിനു രണ്ടു ഭാഗങ്ങളുണ്ട്. ഇവ വേര്‍പെടുത്തരുത്. രണ്ടും പരീക്ഷയ്ക്കു ശേഷം തിരികെക്കൊടുക്കാനുള്ളവയാണ്. ഇവ ഭദ്രമായി കൈകാര്യം ചെയ്യണം.

8.ടെസ്റ്റ് ബുക്‌ലെറ്റിലെയും ഒ.എം.ആര്‍ ഷീറ്റിലെയും കോഡ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തണം. വ്യത്യാസമുണ്ടെങ്കില്‍ ഉടന്‍ തിരികെക്കൊടുത്ത് മാറ്റിവാങ്ങുക. ടെസ്റ്റ് ബുക്‌ലെറ്റില്‍ ആദ്യപേജിന്റെ മുകളില്‍ കാണിച്ചിട്ടുള്ളത്ര പേജുകള്‍ ഉണ്ടെന്ന് ഉറപ്പാക്കുക. ഇതിലെ പേജുകള്‍ ഇളക്കരുത്. ഒ.എം.ആറില്‍ എന്തെങ്കിലും എഴുതുംമുന്‍പ് ഓഫിസ് കോപ്പിയുടെ പിന്‍വശത്തുള്ള നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക. ഒ.എം.ആര്‍ ഷീറ്റിലെ നിര്‍ദിഷ്ടസ്ഥലത്ത് ഇന്‍വിജിലേറ്ററുടെ മുന്നില്‍ വച്ച് സമയമെഴുതി, ഒപ്പിട്ട്, ഇടതു തള്ളവിരലടയാളം പതിക്കണം.

9.റഫ്‌വര്‍ക്കിന് ടെസ്റ്റ് ബുക്‌ലെറ്റിലുള്ള സ്ഥലം മാത്രം ഉപയോഗിക്കുക.

10.പരീക്ഷ തീര്‍ന്ന് ഒ.എം.ആര്‍ ഷീറ്റുകള്‍ രണ്ടും തിരികെക്കൊടുക്കുമ്പോഴും അറ്റന്‍ഡന്‍സ് ഷീറ്റില്‍ സമയമെഴുതി ഒപ്പിടണം. ചോദ്യബുക്‌ലെറ്റ് മാത്രം വിദ്യാര്‍ഥിക്കു കൊണ്ടുപോരാം. പരീക്ഷ തീരുന്ന സമയത്തിനു മുന്‍പ് ആരെയും പുറത്തുവിടില്ല. പരീക്ഷ കഴിയുമ്പോള്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ രണ്ടാമത് ഒപ്പിടണം.

  1. അഡ്മിറ്റ് കാര്‍ഡ് പ്രവേശന സമയത്ത് ആവശ്യമായതിനാല്‍ കളയാതെ സൂക്ഷിച്ചുവയ്ക്കണം.
NEET UG is conducted at the national level for admission to medical and medical allied courses

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.