2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രണ്ടര വര്‍ഷം വീട്ടില്‍ പോയില്ല, സ്വപ്‌നം നേടിയെടുക്കാന്‍ കൂട്ടായത് ഉമ്മ; ശുഐബ് അഫ്താബിന്റെ നീറ്റ്‌വിജയത്തിനു പിന്നില്‍..

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ശുഐബ് അഫ്താബ് എന്ന ഒഡീഷക്കാരന്‍ നേടിയെടുത്തത് ചരിത്രത്തിലെ മിന്നുന്ന വിജയമാണ്. കഠിനാധ്വാനത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഫലമായാണ് അഫ്താബിന്റെ ഈ നേട്ടം.

ആദ്യമായാണ് നീറ്റില്‍ ഒരു വിദ്യാര്‍ഥി മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കുന്നത്. ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ശുഐബ് അവന്റെ ഉമ്മയ്ക്ക് സമര്‍പ്പിക്കുന്നു. മകന്റെ പഠനത്തിനായി നാടും വീടും വിട്ട് അവന്റെ കൂടെ മുഴുവന്‍ സമയവും അവന്റെ കഠിനാധ്വാനത്തിന് കാവല്‍നിന്ന മാതാവിനല്ലാതെ അവന്‍ ഈ വിജയം ആര്‍ക്ക് സമര്‍പ്പിക്കാനാണ്.

ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുംമുമ്പ് തന്നെ ശുഐബ് വിജയം ഉറപ്പിച്ചിരുന്നു. പുറത്തുവന്ന ആന്‍സര്‍ കീകള്‍ പരിശോധിച്ചപ്പോള്‍ തന്നെ തനിക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചെന്ന് അവന്‍ മനസിലാക്കിയിരുന്നു.

2018 ലാണ് ശുഐബ് കോച്ചിങിനായി രാജസ്ഥാനിലെ കോട്ടയിലെത്തിയത്. അതിനു ശേഷം പിന്നെ വീട്ടിലേക്ക് പോയിട്ടേയില്ലെന്ന് അവന്‍ പറയുന്നു. ഉമ്മയും അനിയത്തിയും തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി കോട്ടയിലേക്ക് വന്നു. അതേവര്‍ഷം പ്ലസ് ടു പരീക്ഷയില്‍ 95.8 ശതമാനം മാര്‍ക്ക് നേടി.

ലോക്ഡൗണ്‍ കാലത്തും പഠനം തുടര്‍ന്ന ശുഐബ് തന്റെ സംശയങ്ങളെല്ലാം വാട്‌സ്അപ്പ് മുഖേന അധ്യാപകരുമായി പങ്കുവെച്ചു. ‘ എന്റെ ബലഹീനതകളെല്ലാം ഞാന്‍ മനസിലാക്കി പരിഹരിച്ചു. ദിവസവും പത്തുമുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഞാന്‍ പഠനത്തിനായി നീക്കിവെച്ചിരുന്നു. ഒരു ഷെഡ്യൂള്‍ തയ്യാറാക്കിയാണ് പഠിച്ചിരുന്നത്. ഞാന്‍ പിന്നോട്ടായിരുന്ന വിഷയങ്ങളെല്ലാം ആവത്തിച്ച് വിശകലനം ചെയ്തുകൊണ്ടിരുന്നു. ഇതുമൂലം എനിക്ക് സംശയങ്ങളും കൂടുതലായിരുന്നു.’- ശുഐബ് പറയുന്നു.

ലോക്ഡൗണ്‍ കാലത്ത് കൂട്ടുകാരെല്ലാം വീട്ടിലേക്ക് മടങ്ങിയപ്പോഴും ശുഐബ് കോട്ടയില്‍ തന്നെ തങ്ങി. കുറച്ചു ദിവസം വീട്ടിലേക്ക് ചെല്ലാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോഴും പോയില്ല. പഠനം മുടക്കാന്‍ അവന്‍ ഒരിക്കലും തയ്യാറായിരുന്നില്ല.

മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി കാര്‍ഡിയാക് സര്‍ജനാകാന്‍ മോഹിക്കുന്ന ശുഐബിന് താഴേക്കിടയിലുള്ളവര്‍ക്ക് സേവനം ചെയ്യാനാണ് ആഗ്രഹം. ന്യൂഡല്‍ഹി എയിംസില്‍ പ്രവേശനം നേടുകയാണ് ഈ കൊച്ചുമിടുക്കന്റെ ലക്ഷ്യം. ഇതുവരെ ചികിത്സയില്ലാത്ത ഒരു രോഗത്തിന് മരുന്ന് കണ്ടുപിടിക്കുക എന്നൊരു ലക്ഷ്യം കൂടി ശുഐബിനുണ്ട്.

ഉമ്മയും ഉപ്പയും അനിയത്തിയും അടങ്ങുന്നതാണ് ശുഐബിന്റെ കുടുംബം. കെട്ടിട നിര്‍മ്മാണത്തില്‍ ജോലി ചെയ്യുന്ന പിതാവ് ബി.കോം വരെ പഠിച്ചു. അമ്മ സുല്‍ത്താന റിജയ ഒരു വീട്ടമ്മയാണ്,

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.