സൂറിച്ച്: ലോക അത്‌ലറ്റിക്‌സിലെ മുന്‍നിര താരങ്ങളുടെ പോരാട്ടക്കളമായ ഡയമണ്ട് ലീഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര. ആവേശകരമായ മത്സരത്തില്‍ 88.44 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. രണ്ടാം ശ്രമത്തിലാണ് നീരജ് സുവര്‍ണ ദൂരമായ 88.44 മീറ്റര്‍ പിന്നിട്ടത്. ആദ്യത്തെ ത്രോ ഫൗളായെങ്കിലും രണ്ടാം ശ്രമത്തില്‍ 88.44 മീറ്റര്‍ പിന്നിട്ട നീരജ്, തുടര്‍ന്ന് 88.00, 86.11, 87.00, 83.60 മീറ്റര്‍ ദൂരങ്ങളാണ് പിന്നിട്ടത്.
ഒളിംപിക്‌സ് സ്വര്‍ണത്തോളം തിളക്കമുള്ള ഡയമണ്ട് ലീഗ് ഫൈനല്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇരുപത്തിനാലുകാരനായ നീരജ് ചോപ്ര.നാലാം ശ്രമത്തില്‍ 86.94 മീറ്റര്‍ ദൂരം കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് വെള്ളി നേടി. ജര്‍മനിയുടെ ജൂലിയന്‍ വെബെര്‍ 83.73 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് വെങ്കലം നേടി. ഈ വര്‍ഷത്തെ വിവിധ ഡയമണ്ട് ലീഗ് മീറ്റുകളില്‍ മികച്ച പ്രകടനം നടത്തിയ 6 അത്‌ലീറ്റുകളാണ് ജാവലിന്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തായിരുന്നു നീരജ് എങ്കിലും (15 പോയിന്റ്), ലോക വേദികളിലെ മിന്നുന്ന ഫോം ഒരിക്കല്‍ക്കൂടി പുറത്തെടുത്താണ് താരം ഡയമണ്ട് ലീഗ് ഫൈനലിലും ചാംപ്യനായത്.
ഇക്കഴിഞ്ഞ ലുസേന്‍ ഡയമണ്ട് ലീഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് നീരജ് ഫൈനലിനു യോഗ്യത ഉറപ്പിച്ചത്. 89.08 മീറ്റര്‍ ദൂരമാണു ലുസേനില്‍ നീരജ് പിന്നിട്ടത്. ഒരു ഡയമണ്ട് ലീഗ് മീറ്റില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതുവഴി ഹരിയാനക്കാരനായ നീരജ് സ്വന്തമാക്കിയിരുന്നു.
Comments are closed for this post.