കോഴിക്കോട്: കേരളത്തിലെ പുസ്തക പ്രസാധകരില്‍ പ്രമുഖനായ എന്‍.ഇ ബാലകൃഷ്ണ മാരാര്‍ (90, പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെയും ടിബിഎസിന്റെയും ഉടമ) അന്തരിച്ചു. പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മൂന്നുമണിക്ക് പുതിയപാലം ശ്മശാനത്തില്‍.
പ്രസാധന രംഗത്ത് ഒറ്റയ്ക്ക് പൊരുതി കയറിയ സാധാരണക്കാരനായ അസാധാരണ അദ്ദേഹത്തിന് ഒക്‌ടോബര്‍ 14 നാണ് നവതി തികഞ്ഞത്.
ടി.ബി.എസ് മാരാര്‍, ‘ബാലേട്ടന്‍’ എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന എന്‍.ഇ ബാലകൃഷ്ണമാരാര്‍ 1932 ല്‍ കണ്ണൂരിലെ തൃശ്ശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ മാരാരുടെയും മാധവി മാരാസ്യാരുടെയും മകനായി ജനിച്ചു. പാതിനിന്നുപോയ സ്‌കൂള്‍ പഠനത്തിന് ശേഷം പത്രവില്‍പ്പനയോടൊപ്പം പുസ്തക വില്‍പ്പനയുമായി തുടങ്ങിയതാണ് അദ്ദേഹത്തിന്റെ തൊഴില്‍ ജീവിതം. കോഴിക്കോട്ടെ പുസ്തകപ്രേമികള്‍ക്കും എഴുത്തുകാര്‍ക്കും എഴുതിത്തുടങ്ങുന്നവര്‍ക്കും ചങ്ങാതിയായി മാറിയ അദ്ദേഹം 1950 കളില്‍ വീടുകളും ഓഫീസുകളും കയറിയിറങ്ങി പുസ്തകം വിറ്റാണ് ഒടുവില്‍ വലിയ പ്രസാധകനായി മാറിയത്.
കാക്കിത്തുണി സഞ്ചിയില്‍ പുസ്തകങ്ങള്‍ നിറച്ച് വീടുകളിലും ലോഡ്ജുകളിലും തെരുവുകളിലും വിറ്റാണ് തുടങ്ങി. പിന്നീട് സൈക്കിളിലായി പുസ്തക വില്‍പ്പന. അതോടെ ടൂറിങ് ബുക് സ്റ്റാള്‍ (ടിബിഎസ്) എന്ന പേരും സ്വീകരിച്ചു. 1958ല്‍ മിഠായിത്തെരുവിലെ ഒറ്റമുറി പീടികയില്‍ ടിബിഎസ് പുസ്തകശാല സ്ഥാപിച്ചതോടെയാണ് മലയാള പുസ്തക പ്രസാധന രംഗത്തെ അതികായരില്‍ ഒരാളയുള്ള വളര്‍ച്ചയ്ക്ക് ഗതിവേഗം വന്നത്.
1966ല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് ആരംഭിച്ചു. കോഴിക്കോടിന്റെ സാംസ്‌കാരികസാഹിത്യ മേഖലയില്‍ അനിവാര്യനായി മാറിയ അദ്ദേഹം ഭാരതീയ വികാസ് പരിഷത്തിന്റെ പ്രസിഡന്റായിരുന്നു ദീര്‍ഘകാലം. വ്യാപാരി വ്യവസായി സംഘിന്റെ സ്ഥാപക ജില്ലാ രക്ഷാധികാരിയായിരുന്നു. സരോജമാണ് ഭാര്യ. മക്കള്‍: മനോഹര്‍, ഡോ. അനിത. മരുമക്കള്‍: പ്രിയ, ഡോ. സേതുമാധവന്‍.
Comments are closed for this post.