ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അക്രമത്തില്‍ ഇന്നു പ്രക്ഷ്ബ്ധമായി ഇരു സഭകളും. കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റില്‍ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ 12മണി വരെ നിര്‍ത്തിവച്ചു.
പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ച എം.പിമാര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി രൂപീകരിച്ച ശേഷം നടത്തുന്ന ആദ്യ പ്രതിഷേധ പരിപാടിയാണിത്.
അതേസമയം, മണിപ്പൂര്‍ വിഷയം ലോക്‌സഭയും രാജ്യസഭയും ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍, പ്രതിപക്ഷ ആവശ്യം തള്ളിയ ഭരണപക്ഷം രാജസ്ഥാനിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്.
മണിപ്പൂര്‍ കലാപം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രതിഷേധം പാര്‍ലമെന്റ് സ്തംഭനത്തില്‍ കലാശിച്ചിരുന്നു.
Comments are closed for this post.