തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയിലും വര്‍ധനയുണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5,685 രൂപയും പവന് 240 രൂപ വര്‍ധിച്ച് 45,480 രൂപയുമായി.
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4,715 രൂപയാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കയറുന്നു
രാജ്യാന്തര വിപണിയില്‍ താഴ്ചയില്‍ തുടര്‍ന്ന സ്വര്‍ണ വില കുതിപ്പിലേക്ക്. ഇന്നലെ 1,977.78 ഡോളറിന് ക്ലോസിംഗ് നടത്തിയ സ്‌പോട്ട് സ്വര്‍ണം 1,991 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
യു.എസ് പലിശനിരക്ക് കുറയും എന്ന നിഗമനത്തില്‍ ഡോളര്‍ സൂചിക താഴേക്കുള്ള ട്രെന്‍ഡ് തുടരുകയാണ്. ദുര്‍ബലമായ ഡോളറും ട്രഷറി വരുമാനവും ആഗോള തലത്തില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായി.
വെള്ളി വില
കേരളത്തില്‍ ഇന്നും വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 79 രൂപ, ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപ.
സ്വര്‍ണം വാങ്ങിക്കൂട്ടി ഇന്ത്യ
ഉത്സവകാലത്തിന് മുന്നോടിയായി ഒക്ടോബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 123 ടണ്‍ സ്വര്‍ണം. കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും വലിയ പൊന്നിന്‍ ഇറക്കുമതിയാണിത്. ദീപാവലി, നവരാത്രി, ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയതാണ് സ്വര്‍ണ ഇറക്കുമതി കൂടാനും വഴിയൊരുക്കിയത്. 2022ലെ ഒക്ടോബറില്‍ 77 ടണ്ണായിരുന്നു ഇറക്കുമതി; 60 ശതമാനമാണ് കഴിഞ്ഞമാസത്തെ വര്‍ധന. കഴിഞ്ഞ ഒരു ദശാബ്ദമെടുത്താല്‍ ഓരോ വര്‍ഷവും ഒക്ടോബറിലെ ശരാശരി സ്വര്‍ണ ഇറക്കുമതി 66 ടണ്ണായിരുന്നു. ഈ ട്രെന്‍ഡ് മറികടന്നുള്ള ഇറക്കുമതി കുതിപ്പാണ് കഴിഞ്ഞമാസം കണ്ടത്.
Comments are closed for this post.