ദമാം: കൊവിഡ് ബാധിച്ചു മരണമടഞ്ഞ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്ര,സംസ്ഥാന സർക്കാരുകൾ സഹായപദ്ധതികൾ പ്രഖ്യാപിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ശോബ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സഊദി അറേബ്യയിൽ കൊവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസികളായ ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തികസഹായമാണ് സഊദി സർക്കാർ പ്രഖ്യാപിച്ചത്. ഒട്ടേറെ ഇന്ത്യൻ പ്രവാസികൾക്ക് അതിന്റെ നേട്ടം ലഭിയ്ക്കും. എന്നാൽ നാളിതുവരെ കൊവിഡ് ബാധിച്ചു മരണമടഞ്ഞ ഇന്ത്യൻ പ്രവാസികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പോലും ഒരു സഹായവും ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. വിദേശ സർക്കാരുകൾ കാണിയ്ക്കുന്ന പരിഗണന പോലും ഇന്ത്യൻ സർക്കാർ സ്വന്തം പൗരന്മാരായ പ്രവാസികളോട് കാണിയ്ക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണെന്നും യോഗം വ്യക്തമാക്കി.
അൽഹസ്സ ശോബയിലെ ബൈജുകുമാർ നഗറിൽ വെച്ച് നടത്തിയ യൂണിറ്റ് സമ്മേളനത്തിൽ നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. യൂണീറ്റ് സെക്രട്ടറി അഖിൽഅരവിന്ദ് റിപ്പോർട്ട്അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ സംഘടനാ വിശദീകരണം നടത്തി. കൊവിഡ് ബാധിച്ചു മരണമടഞ്ഞ യൂണിറ്റ് അംഗമായിരുന്ന ബിജുകുമാറിനെ യോഗം അനുസ്‌മരിച്ചു. കേന്ദ്രകമ്മിറ്റി നേതാക്കളായ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, സുശീൽ കുമാർ, രതീഷ് രാമചന്ദ്രൻ, സിയാദ്, കേന്ദ്രവനിതാവേദി സെക്രട്ടറി മിനി ഷാജി, അൽഹസ്സ മേഖല നേതാക്കളായ അൻസാരി, നിസ്സാം എന്നിവർ ആശംസപ്രസംഗം നടത്തി.
ശോബ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഉണ്ണി മാധവം (രക്ഷാധികാരി), അഖിൽ അരവിന്ദ് (പ്രസിഡന്റ്), ശശികുമാർ (വൈസ് പ്രസിഡന്റ്), നിസ്സാം പുതുശ്ശേരി (സെക്രട്ടറി), സുധീർഖാൻ (ജോയിന്റ് സെക്രട്ടറി), ബിനുകുമാർ (ട്രെഷറർ) എന്നിവരെയും, എക്സിക്യൂട്ടീവ് അംഗങ്ങളായി സലീം, നിസ്സാർ പത്തനാപുരം, ഷറഫുദ്ദീൻ, നിസ്സാം പന്തളം എന്നിവരെയും തെരഞ്ഞെടുത്തു.
Comments are closed for this post.