2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ആഡംബരബസ് കേരളത്തിലെത്തി; മുഖ്യമന്ത്രിക്ക് കറങ്ങുന്ന കസേര; നവകേരള സദസിന് ഇന്ന് തുടക്കം

ആഡംബരബസ് കേരളത്തിലെത്തി; മുഖ്യമന്ത്രിക്ക് കറങ്ങുന്ന കസേര; നവകേരള സദസിന് ഇന്ന് തുടക്കം

തിരുവനന്തപുരം: 140 മണ്ഡലങ്ങളിലും ഡിസംബര്‍ 23വരെ നീളുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസിന് ഇന്ന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളിഗെയില്‍ വൈകിട്ട് മൂന്നരക്ക് തുടക്കമാകും. ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികള്‍ കേള്‍ക്കുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു.

ബസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി 180 ഡിഗ്രി കറങ്ങുന്ന കസേര ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി. വി.ഐ.പി. യാത്രകള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യബസിനുവേണ്ടി നിലവിലുള്ള നിയമങ്ങളില്‍ കാര്യമായ ഇളവ് നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്. ഇതിനുപുറമെ വാഹനം നിര്‍ത്തുമ്പോള്‍ പുറത്തുനിന്നും വൈദ്യുതി ജനറേറ്റര്‍ വഴിയോ ഇന്‍വെട്ടര്‍ വഴിയോ വൈദ്യുതി നല്‍കാനും അനുമതിയുണ്ട്. നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഢംബര ബസ്സിന് മാത്രമായിരിക്കും ഇളവുകള്‍ ബാധകമായിരിക്കുക. കെഎസ്ആര്‍ടി.സി എംഡിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് വെള്ള നിറം വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഇതിലും നവകേരള ബസിന് ഇളവ് നല്‍കിയിട്ടുണ്ട്. കറുപ്പു നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകള്‍; നവകേരളയാത്രയുടെ ബസ് കേരളത്തിലേക്ക്

വിവിഐപികള്‍ക്കുള്ള ബസ്സിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവന്നാണ് ഉത്തരവില്‍ പറയുന്നത്. 12 മീറ്റര്‍ വാഹനത്തിനാണ് ഇളവ്. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനം വില്‍ക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തിലുണ്ട്. കളര്‍കോഡിന്റെയും മറ്റു മോഡിഫിക്കേഷന്റെയും പേരില്‍ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ നേരത്തെ കര്‍ശന നടപടിയെടുത്ത ഗതാഗത വകുപ്പാണിപ്പോള്‍ സര്‍ക്കാരിന്റെ നവകേരള സദസ്സിനായുള്ള ആഢംബര ബസ്സിനുവേണ്ടി പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്.

അതേസമയം, പ്രതിസന്ധി കാലത്തെ ധൂര്‍ത്തടക്കമുള്ള ആക്ഷേപങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും യാത്ര. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്ന് ആദ്യവേദിയില്‍ തന്നെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും പ്രത്യേകം തയാറാക്കിയ ബസിലെത്തും. സദസ് പൂര്‍ത്തിയായാലും പരാതികള്‍ തീരുംവരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും. കന്നഡ, തുളു സിനിമാ അഭിനേതാക്കളായ 13 പേര്‍ ചടങ്ങിനെത്തും.

കാസര്‍കോട് ജില്ലയില്‍ ബാക്കി നാലു മണ്ഡലങ്ങളിലെ സദസ് നാളെയാണ്. പ്രഭാതയോഗം കാസര്‍കോട് പുലിക്കുന്ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രമുഖരായ ഇരുനൂറോളംപേര്‍ എത്തും. മുഖ്യമന്ത്രിയുടെ ഒരുലക്ഷത്തിലധികം ക്ഷണക്കത്തുകള്‍ കുടുംബശ്രീവഴി വീടുകളില്‍ എത്തിച്ചിട്ടുണ്ട്. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് രാഷ്ട്രീയ യാത്രകള്‍ കേരളം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും മന്ത്രിസഭാ ഒന്നടങ്കം നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇറങ്ങുന്ന സര്‍ക്കാര്‍ പരിപാടി കേരള ചരിത്രത്തില്‍ ഇതാദ്യമാണ്. ജനങ്ങളെ കേള്‍ക്കുന്ന നേരില്‍ കണ്ട് പരാതി സ്വീകരിക്കുന്ന ഈ പരിപാടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്തെ ജനസമ്പര്‍ക്കത്തിന്റെ പകര്‍പ്പ് അല്ലേ എന്ന് ചോദിച്ചാല്‍ മറുപടി പലതുണ്ട്.

ഒരു ദിവസം പോകുന്ന മണ്ഡലങ്ങളിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ ജില്ലാ ഭരണകൂടം പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവരുമായി രാവിലെ 9 മണി മുതല്‍ പത്ത് വരെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കും. ശേഷം മണ്ഡലത്തിലേക്ക്. മുഖ്യമന്ത്രി എല്ലായിടത്തും പ്രസംഗിക്കും. റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വര്‍ഷക്കാലത്തെ സര്‍ക്കാര്‍ ലക്ഷ്യങ്ങളും അവതരിപ്പിക്കും. ഓരോ മണ്ഡല സദസ് വേദികളിലും പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടര്‍. ആവശ്യമെങ്കില്‍ മന്ത്രിമാരും പരാതികള്‍ കേള്‍ക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാലാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കും. ഇത്തരം സാഹചര്യങ്ങളില്‍ പരാതി കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കും. സംസ്ഥാന തലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളില്‍ പരിഹരിക്കും. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും.വരുന്ന പരാതികളുടെ ഫോളോ അപ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഏകോപിക്കണം. മണ്ഡല സദസ് നടക്കുന്ന വേദികളില്‍ ജനങ്ങളെ ആകര്‍ഷിക്കാനായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് എത്തുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും കളമൊരുങ്ങും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പു ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി യാത്രയ്ക്കുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.