കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരുടേയും പിന്തുണയില്ലാതെ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് മമതയുടെ പ്രഖ്യാപനം.
‘2024 തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ പോവുകയാണ്. ജനപിന്തുണയോടെ ഞങ്ങള്‍ മത്സരിക്കും. ബി.ജെ.പി പാരജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ തൃണമൂലിന് വോട്ട് ചെയ്യുമെന്ന് ഞാന്‍ വ്ശ്വസിക്കുന്നു’ മമത പറഞ്ഞു. ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതിനു പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. സര്‍ദിഗി ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തതാണ് മമതയെ പ്രകോപിപ്പിച്ചത്.
സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് മമത ആരോപിച്ചു ‘അവിശുദ്ധ കൂട്ടുകെട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ എങ്ങനെ പോരാടും ഇടതുപക്ഷം ബി.ജെ.പിയെ എങ്ങനെ നേരിടും സി.പി.എമ്മിനും കോണ്‍ഗ്രസിനും ബി.ജെ.പി വിരുദ്ധത എങ്ങനെ അവകാശപ്പെടാന്‍ കഴിയും’- മമത ചോദിച്ചു.
കോണ്‍ഗ്രസും ഇടതുപക്ഷവും ബി.ജെ.പിയും സര്‍ദിഗിയില്‍ വര്‍ഗീയ കാര്‍ഡിറക്കിയെന്ന് മമത ആരോപിച്ചു.
‘സി.പി.എമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ വാക്കുകള്‍ കേള്‍ക്കേണ്ടതില്ല. ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരോട് സഖ്യമുണ്ടാക്കാന്‍ കഴിയില്ല. 2024ല്‍ തൃണമൂലും ജനങ്ങളും തമ്മില്‍ സഖ്യമുണ്ടാക്കും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ഞങ്ങള്‍ സഖ്യമുണ്ടാക്കില്ല. ജനങ്ങളുടെ പിന്തുണയോടെ ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടും’.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് മുന്‍കയ്യെടുത്ത നേതാവായിരുന്നു മമത ബാനര്‍ജി. പക്ഷെ ആ നീക്കം വിജയിച്ചില്ല. മാത്രമല്ല ബംഗാളില്‍ 42 സീറ്റുകളില്‍ 18 എണ്ണത്തില്‍ വിജയിച്ച് ബി.ജെ.പി നേട്ടമുണ്ടാക്കുകയും ചെയ്തു. അതിനുശേഷം മമത ബാനര്‍ജി ബംഗാളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പ്രതിപക്ഷ ഐക്യത്തിനായുള്ള വേദികളില്‍ മമത പങ്കെടുക്കാതെയായി.
‘ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മൂന്ന് ശക്തികളെയും ഒരുമിച്ച് നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മതി. 2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളത് ചെയ്തു. ആശങ്കപ്പെടേണ്ട കാര്യമില്ല’ മമത ബാനര്‍ജി പറഞ്ഞു.
2021ല്‍ മൂന്നാം തവണയും ബംഗാളില്‍ അധികാരത്തിലെത്താന്‍ തൃണമൂലിന് കഴിഞ്ഞു. എന്നാല്‍ ബംഗാളിനു പുറത്ത് സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കം വിജയിച്ചില്ല. ഗോവയിലും ത്രിപുരയിലും അക്കൗണ്ട് തുറക്കാനുള്ള തൃണമൂലിന്റെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ മേഘാലയയില്‍ അഞ്ച് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.
Comments are closed for this post.