2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; അപകട മരണമെന്ന് പൊലിസ്, പശു സംരക്ഷണ നിയമപ്രകാരം കേസും

ഗുരുഗ്രാം: പശു ഭീകരര്‍ തല്ലിക്കൊന്ന യുവാവ് അപകടത്തില്‍ മരിച്ചതെന്ന് പൊലിസ്. ഹരിയാനയിലാണ് സംഭവം. മേവാത്തി ജില്ലയിലെ ഹുസൈന്‍പൂര്‍ സ്വദേശിയായ വാരിസ് (22) ആണ് കൊല്ലപ്പെട്ടത്.

പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ പശുസംരക്ഷണ ഗുണ്ടകള്‍ യുവാവിനെ തല്ലിക്കൊന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, യുവാവ് റോഡപകടത്തില്‍ മരിച്ചതാണെന്നാണ് പൊലിസ് പറയുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഖോരി കലന്‍ ഗ്രാമത്തിന് സമീപം ടൗരു ഭിവാദി റോഡിലാണ് സംഭവം. പശുസംരക്ഷണ ഗുണ്ടയും ബജ്‌റംഗ്ദള്‍ നേതാവുമായ മോനുമനേസര്‍ എന്നയാളുടെ നേതൃത്വത്തില്‍ വാരിസിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് സംബന്ധിച്ച് ബജ്‌റംഗ്ദള്‍ പ്രചരിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളും കുടുംബം തെളിവായി പുറത്തുവിട്ടിട്ടുണ്ട്. കരളിനേറ്റ മൂര്‍ച്ചയേറിയ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

വാരിസും സുഹൃത്തുക്കളായ നഫീസ്, ഷൗകീന്‍ എന്നിവരും സഞ്ചരിച്ച സാന്‍ട്രോ കാര്‍ ടെമ്പോയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നു. വാഹനത്തില്‍ പശുവിനെ കണ്ടെത്തിയതായും കൊല്ലപ്പെട്ട വാരിസ് അടക്കം മൂന്നുപേര്‍ക്കുമെതിരെ ഹരിയാന പശുസംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട ടെമ്പോ ഡ്രൈവര്‍ അബ്ദുള്‍ കരീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അപകടകരമായ ഡ്രൈവിങ്ങിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഫീസിനെതിരെ മുമ്പ് പശുക്കടത്തിനും കശാപ്പ് ചെയ്തതിനും കേസുള്ളതായും പൊലിസ് പറയുന്നു.

എന്നാല്‍, ഗോസംരക്ഷണ ഗുണ്ടകള്‍ ഇവരെ പിന്തുടര്‍ന്ന് അപകടശേഷം മൂവരെയും മര്‍ദിക്കുകയും ഇതിന്റെ വിഡിയോ പകര്‍ത്തുകയും ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. വാരിസ് അടക്കമുള്ളവരെ നിലത്തിരുത്തി ചുറ്റിലും തോക്കും ആയുധങ്ങളുമായി ബജ്‌റംഗ്ദളുകാര്‍ നില്‍ക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. മോനുമനേസര്‍ എന്നയാള്‍ മുമ്പും നിരവധി പേരെ പശുവിന്റെ പേരില്‍ ആക്രമിച്ചതായി പരാതിയുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ ഇത്തരം ആക്രമണങ്ങളുടെ വിഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കാറുമുണ്ട്.

വാരിസ് കാര്‍ മെക്കാനിക്കാണെന്നും പശുക്കടത്തുമായി അവന് പങ്കില്ലെന്നും മൂത്ത സഹോദരന്‍ ഇമ്രാന്‍ പരാതിയില്‍ പറഞ്ഞു. ശനിയാഴ്ച രാത്രി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ പരിശോധിക്കാന്‍ ഭിവാഡിയില്‍ പോയ വാരിസും സുഹൃത്തുക്കളും തിരിച്ചുവരുമ്പോഴാണ് സംഭവമെന്ന് ഇമ്രാന്‍ പൊലിസിനോട് പറഞ്ഞു. ഒന്നരവര്‍ഷം മുമ്പ് വിവാഹിതനായ വാരിസിന് മൂന്നുമാസം പ്രായമുള്ള കുഞ്ഞുണ്ട്.

അതിനിടെ വീട്ടുകാരുടെ മൊഴികള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.