
വിവാദമായി 'കൊലയാളി' പ്രയോഗം
ന്യൂഡല്‍ഹി: ഷഹീന് ബാഗിലെ സമരപ്പന്തലില്‍ ആവേശമായി കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. സമരം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം സമരപ്പന്തലിലെത്തിയത്. ആവശ്യമായ എന്ത് ത്യാഗവും സഹിക്കാന്‍ താനും തയ്യാറാണെന്ന് അദ്ദേഹം സമരക്കാര്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ജനതക്കാണോ കേന്ദ്രത്തിനാണോ കരുത്തെന്ന് നോക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
‘എന്ത് ത്യാഗം സഹിക്കാനും ഞാന്‍ തയ്യാറാണ്. ആരുടെ കൈകളാണ് ശക്തമെന്ന് നമുക്ക് നോക്കാം. നമ്മുടേതോ അതോ കൊലയാളികളുടേതോ’- അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികാസം( സബ്ക്കാ സാത്ത് സബ്ക്കാ വികാസ്) എന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അവരിപ്പോള്‍ എല്ലാവരുടെയും വിനാശം (സബ്ക്കാ സാത്ത് സബ്ക്കാ വിനാശ്) ഉറപ്പുവരുത്തുമെന്ന് ദൃഢനിശ്ചയമെടുത്തിരിക്കുന്നു- അദ്ദേഹം കുറ്റപ്പെടുത്തി. ശരിയായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇവര്‍ സി.എ.എ കൊണ്ടുവന്നത്. സാമ്പത്തിക ത്തകര്ച്ചയെ പിടിച്ചുകെട്ടാന്‍ കഴിയാതിരുന്നത് അവരുടെ പരാജയമാണ്. എന്നാല്‍ ഞങ്ങളെ വിഢികളാക്കാനാവില്ലെന്നാണ് ഷഹീന്‍ബാഗിലെ ധീരരായ സ്ത്രീകള്‍ അവരോട് പറയുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ നടത്തുന്ന സമരത്തെ അദ്ദേഹം പ്രശംസിച്ചു. ‘ഒരു രാഷ്ട്രീയക്കാരനേയും ആവശ്യമില്ലെന്ന് നിങ്ങള്‍ പറഞ്ഞിരിക്കുകയാണ്. വീടും കുടുംബവും ഉപേക്ഷിച്ച് കഴിഞ്ഞ മുപ്പത് ദിവസമായി ഇരിക്കുകയാണ് നിങ്ങളിവിടെ’- അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാരോട് ഒരു രേഖയും ചോദിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രസംഗത്തിലെ ‘കൊലയാളി’ പ്രയോഗം വിവാദമായിട്ടുണ്ട്.
Comments are closed for this post.