
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. 16 ബില്ലുകള്‍ ഈ സഭാകാലയളവില്‍ ചര്‍ച്ചക്കെടുക്കും. ഈ മാസം 29 വരെ നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ 30ലധികം പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട രൂപീകരിക്കുന്നതിനാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. കേന്ദ്രമന്ത്രിയും ലോക്സഭയിലെ ബിജെപി ഉപനേതാവുമായ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു യോഗം. രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയല്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും പങ്കെടുത്തു.
തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ രാജ്യത്തിന് മുന്നിലുണ്ടെന്നും ജനങ്ങളോട് ഉത്തരം പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇന്ത്യചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തെ ശരിയാംവണ്ണം അറിയിച്ചില്ലെന്ന് ചൗധരി ആരോപിച്ചു. കശ്മിരി പണ്ഡിറ്റുകളുടെ കൊലപാതകത്തെക്കുറിച്ചും സഭയില്‍ ചര്‍ച്ച വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കമ്മീഷണറെ ഒരു ദിവസത്തിനുള്ളില്‍ നിയമിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗത്തിന്റെ ക്വാട്ടയും ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് നസീര്‍ ഹുസൈന് ആവശ്യപ്പെട്ടു.
വിലക്കയറ്റം, തൊഴിലില്ലായ്മ, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, സംസ്ഥാനങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധം എന്നിവ ചര്‍ച്ചയാവണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദ്യോപാധ്യായ അഭിപ്രായപ്പെട്ടു. പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്ന് തൃണമൂല്‍ നേതാവും രാജ്യസഭ എം.പിയുമായ ഡെറിക് ഒബ്രിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ലോക്സഭ അംഗമായിരിക്കെ അന്തരിച്ച മുലായം സിംഗ് യാദവ് അടക്കമുള്ളവര്‍ക്ക് ഇരുസഭകളും ആദരാഞ്ജലി അര്‍പ്പിക്കും. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘട്ട് അധ്യക്ഷനാകുന്ന ആദ്യ രാജ്യസഭാ സമ്മേളനം കൂടിയാണിത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാണ് സഭ സമ്മേളിക്കുക.
Comments are closed for this post.