2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

എന്‍.ആര്‍.സി നടപ്പിലാക്കല്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം; എന്‍.പി.ആര്‍ വിവരങ്ങള്‍ ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം- പ്രതിഷേധങ്ങള്‍ക്കിടെ വിശദീകരണവുമായി കേന്ദ്രനിയമ മന്ത്രി

ന്യൂഡല്‍ഹി: എന്‍.ആര്‍.സിക്കും സി.എ.എക്കും എന്‍.പി.ആറിനുമെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കുന്നത് അടക്കമുള്ള കൃത്യമായ നിയമ നടപടികള്‍ക്കു ശേഷം മാത്രമേ രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുന്നതുമായി മുന്നോട്ടുപോകൂവെന്നും ‘ദ സണ്‍ഡേ എക്‌സ്പ്രസു’മായുള്ള അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. അതേസമയം, എന്‍.പി.ആറിനു വേണ്ടി ശേഖരിച്ച വിവരങ്ങള്‍ എന്‍.ആര്‍.സിക്കു വേണ്ടി ഉപയോഗിക്കുവോ ഉപയോഗിക്കാതിരിക്കുവോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിലവില്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട ഒരു നിലപാടെടുത്തിട്ടുണ്ട്. അതിലൊരു നിയമ പ്രക്രിയയുണ്ട്. ആദ്യം ഒരു തീരുമാനം, പിന്നീട് ഒരു വിജ്ഞാപനം, പിന്നെ പ്രക്രിയ, വെരിഫിക്കേഷന്‍, എതിര്‍പ്പുകള്‍, അതു കേള്‍ക്കല്‍, അപ്പീലിനു പോകാനുള്ള അവകാശം. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കും. അവരുടെ അഭിപ്രായം സ്വീകരിക്കും.എന്തെങ്കിലും ചെയ്യാനുണ്ടെങ്കിലും അതു പരസ്യമായി ചെയ്യും. എന്‍.ആര്‍.സിയില്‍ ഒരു രഹസ്യവുമില്ല’- രവിശങ്കര്‍ പറഞ്ഞു. സുപ്രിം കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2003ലെ പൗരത്വ നിയമങ്ങളിലുള്ള മൂന്നും നാലും ചട്ടം ഉപയോഗിച്ചുള്ള പ്രക്രിയകള്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങളെ തീര്‍ച്ചയായും അറിയിച്ചിരിക്കും. അദ്ദേഹം പറഞ്ഞു.

സെന്‍സസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് എന്‍.പി.ആര്‍ വേണ്ടിവരുന്നത്. എന്‍.പി.ആര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതു ക്ഷേമ പദ്ധതികള്‍ക്കായുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ വേണ്ടി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കു ഭയപ്പെടാന്‍ ഒന്നുമില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഒരു ഇന്ത്യക്കാരനും പൗരത്വം ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്‍.ആര്‍.സിയെന്നതു തികച്ചും വ്യത്യസ്തമായ കാര്യമാണ്. അത് ഇന്ത്യയിലെ പൗരന്മാര്‍ക്കു വേണ്ടിയുള്ളതാണ്.

പൗരത്വ ഭേദഗതി നിയമം എന്നത് പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്താനിലെയും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനന്മാര്‍ക്കും സിഖുകാര്‍ക്കും പാഴ്‌സികള്‍ക്കും വേണ്ടിയുള്ളതാണ്. പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരനെ ബാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരായ പൊലിസ് നടപടിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. വിദ്യാര്‍ഥികള്‍ അടക്കം എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നു ഞാന്‍ വ്യക്തമാക്കട്ടെ.

ഈ അവകാശത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അവര്‍ക്കു സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, ആരെങ്കിലും പൊതുമുതല്‍ നശിപ്പിക്കുകയോ കൊള്ളിവെപ്പ് നടത്തുകയോ ചെയ്താല്‍ അത് അംഗീകരിക്കാനാവില്ല. വേണ്ട നിയമ നടപടികള്‍ സ്വീകരിക്കും,’ മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.