2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘രണ്ടാം രാഷ്ട്രപിതാവ് ഇന്ത്യക്കു വേണ്ടി എന്താണാവോ ചെയ്തത്’ മോദിക്കെതിരെ പരിഹാസവുമായി നിതീഷ് കുമാര്‍;’ അമൃത ഫട്‌നാവിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പരിഹാസം

 

നാഗ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മോദിയെ രാജ്യത്തിന്റെ രണ്ടാം രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.

‘പുതിയ രാഷ്ട്രപിതാവ്’ പുതിയ ഇന്ത്യക്കായി എന്തു ചെയ്‌തെന്ന് നിതീഷ് കുമാര്‍ ചോദിച്ചു.

‘സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ അവരൊന്നും ചെയ്തിട്ടില്ല. സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തില്‍ ആര്‍.എസ്.എസ് ഒരു സംഭാവനയും നല്‍കിയിട്ടില്ല. രാജ്യത്തിന്റെ പുതിയ പിതാവെന്ന പരാമര്‍ശം കേള്‍ക്കാനിടയായി. ഈ പുതിയ പിതാവ് പുതിയ ഇന്ത്യക്കായി എന്താണ് ചെയ്തത്’ നിതീഷ് കുമാര്‍ ചോദിച്ചു.

നാഗ്പുരില്‍ എഴുത്തുകാരുടെ സംഘടന നടത്തിയ ചര്‍ച്ചയിലെ അഭിമുഖത്തിനിടെയായിരുന്നു അമൃതയുടെ പരാമര്‍ശം.

മോദി രാഷ്ട്ര പിതാവാണെന്നായിരുന്നു ആദ്യ അഭിപ്രായം. മഹാത്മാ ഗാന്ധി ആരാണെന്ന ചോദ്യം സദസ്സില്‍ നിന്ന് ഉയര്‍ന്നപ്പോയാണ് മോദിയും ഗാന്ധിയും ഇന്ത്യയുടെ രാഷ്ട്ര പിതാവാണെന്ന പരാമര്‍ശം നടത്തിയത്. ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്ര പിതാക്കന്മാരുണ്ട്. മോദി പുതിയ ഇന്ത്യയുടെ പിതാവും മഹാത്മാ ഗാന്ധി ആ കാലഘട്ടത്തിലെ പിതാവുമാണ്, അവര്‍ പറഞ്ഞു.

2019 ല്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് അമൃത നടത്തിയ ട്വീറ്റിലും മോദിയെ രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു എന്നായിരുന്നു അമൃത അന്ന് നടത്തിയ ട്വീറ്റ്.

അമൃതയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്നുയര്‍ന്നിരുന്നത്. രാഷ്ട്രപിതാവിനെ ആരുമായും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ ചൂണ്ടിക്കാട്ടി. കുറച്ച് കോടീശ്വരന്‍മാരെ നിര്‍മിക്കുന്നതാണ് പുതിയ ഇന്ത്യ. ബാക്കിയുള്ളവരെല്ലാം ദാരിദ്ര്യത്തിലും വിശപ്പിലും തുടരുകയാണ്. ഈ പുതിയ ഇന്ത്യയെ ഞങ്ങള്‍ക്ക് ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.